Times Kerala

ആലുവ ജില്ലാ ആശുപത്രിയിൽ പുതിയ പ്രസവബ്ലോക്കിന് 1.75 കോടി

 
ആലുവ ജില്ലാ ആശുപത്രിയിൽ പുതിയ പ്രസവബ്ലോക്കിന് 1.75 കോടി

എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിലെ കോവിഡ് ബ്ലോക്കിൽ ആഗസ്ത് ആദ്യ വാരം കോവിഡ് ബാധിതരായ ഗർഭിണികൾക്ക് ചികിത്സാ സൗകര്യം ആരംഭിക്കും. ഇതിന് വേണ്ടി 21 ലക്ഷം രൂപ ചെലവഴിച്ചുള്ള സിവിൽ ,ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. കോവിഡ് ബ്ലോക്കിലെ ലേബർ റൂമും കോവിഡ് ബാധിതർക്കായുള്ള അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഓപ്പറേഷൻ തിയേറ്ററും സജ്ജമാകുന്ന പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്.

കോവിഡ് ബ്ലോക്കിലെ മുകളിലെ നിലയിൽ കൂടി കോവിഡ് ബാധിതരായവർക്കുള്ള ഡയാലിസ് സൗകര്യം ഏർപ്പെടുത്തും. ഡയാലിസിസിന് വേണ്ടി ആർ.ഒ. പ്ലാൻറ് കൂടുതലായി സ്ഥാപിച്ചു.
നിലവിൽ താഴത്തെ നിലയിൽ രണ്ട് ഡയാലിസിസ് മെഷീൻ പ്രവർത്തിച്ചു വരുന്നുണ്ട്.
കോവിഡ്ബാധിതരായ ഗർഭിണികളുടെ ചികിത്സ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കോവിഡ് ബ്ലോക്കിലെ ഐ.സി.യു വിൽ മാത്രമാണ് നിലവിൽ കോവിഡ് രോഗികൾക്ക് പ്രവേശനം നൽകുന്നത്.

കോവിഡ് ബാധിതർ അല്ലാത്ത ഗർഭിണികളെ പ്രവേശിപ്പിച്ചിരുന്ന ലേബർ റൂം ‘ലക്ഷ്യ’ ഗുണനിലവാരത്തിൽ ഉയർത്തുന്നതിന് വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു .സർക്കാർ ഫണ്ട് വിനിയോഗിച്ച് 1.75 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പുതിയ മെറ്റേണിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കോവിഡ് കോർ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജൂലൈ 31 മുതൽ ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ പ്രവേശനം താലക്കാലികമായി നിറുത്തുമെന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കോവിഡ് ബാധിതർ അല്ലാത്ത ഗർഭിണികൾ തുടർ സേവനത്തിനും ചികിത്സയ്ക്കുമായി കൊച്ചി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവടങ്ങളിൽ സേവനം തേടേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി
അറിയിച്ചു.

Related Topics

Share this story