Times Kerala

‘സംഭരണം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കെഎസ് യുഎം ശില്‍പശാല

 
‘സംഭരണം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കെഎസ് യുഎം ശില്‍പശാല

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ വകുപ്പുകളുടെ സേവന ദാതാക്കളാക്കി മാറ്റുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) വെര്‍ച്വല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് രണ്ട് മുതല്‍ നാല് വരെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാല.

ആദ്യ സെഷന്‍ ജൂലൈ 29 വ്യാഴാഴ്ച നടക്കും. സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് നയം, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതില്‍ വകുപ്പുകളുടെ പങ്ക്, പര്‍ച്ചേയ്സ് ഓപ്ഷനുകളും രീതികളും, കെഎസ് യുഎമ്മിന്‍റെ പങ്ക് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ശില്‍പശാല.

സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയ്ക്കു ചെറിയ ടെന്‍ഡര്‍ നടപടികളിലൂടെ ഐടി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കെഎസ് യുഎമ്മിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുമാത്രമായിരിക്കും സംഭരണം.

ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ https://sites.google.com/startupmission.in/ksumgem/register-for-workshop എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

Related Topics

Share this story