Times Kerala

കാലവര്‍ഷം: എമര്‍ജന്‍സി കിറ്റുകള്‍ കരുതണം, ജാഗ്രത പാലിക്കണമെന്നും അധികൃതർ

 
കാലവര്‍ഷം: എമര്‍ജന്‍സി കിറ്റുകള്‍ കരുതണം, ജാഗ്രത പാലിക്കണമെന്നും അധികൃതർ

വയനാട്: ‍ ജില്ലയില് മഴ ശക്തിപ്പെട്ട സാഹചര്യത്തില്‍ വാര്‍ഡ്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള തായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എമര്‍ജന്‍സി കിറ്റുകള്‍, എലിപ്പനി പ്രതിരോധത്തിനുളള മരുന്നുകള്‍ എന്നിവയും സജ്ജമാക്കണം.

ഏതെങ്കിലും സാഹചര്യത്തില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് പ്രത്യേകം വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നതിനുളള നടപടികളും സ്വീകരിക്കണം. ഇതിനായി ഒരു വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും താമസക്കാരെ സംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കേണ്ടതാണ്. ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ തയ്യാറാക്കിയ സ്‌പ്രെഡ് ഷീറ്റിലാണ് ഇവ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേയും കണക്കുകള്‍ ശേഖരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇവ സഹായകരമാകുമെന്ന് അവര്‍ പറഞ്ഞു.

*പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍*

· അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ഉളളവര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കേണ്ടതാണ്.

· അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

· സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണ്.

· ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

· ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

· ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

· കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്

· ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/ orangebook_2021. pdf ഈ ലിങ്കില്‍ ലഭ്യമാണ്.

Related Topics

Share this story