Times Kerala

കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി

 
കമ്പല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തിയായി

കാസർഗോഡ്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജിഎച്ച്എസ്എസ് കമ്പല്ലൂർ സ്‌കൂളിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി. എട്ട് ക്ലാസ് മുറികളോടെ നിർമ്മിക്കുന്ന ഇരുനില കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായത്. പുതിയ കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപയാണ് അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാലയമായിരുന്നു.

എട്ട് ക്ലാസ് മുറികളും ശുചിമുറികളും ഉള്ള ഇരുനില കെട്ടിടം നിർമ്മിക്കുന്നതിലൂടെ ജിഎച്ച്എസ്എസ് കമ്പല്ലൂരിലെ അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും വളരെ കാലത്തെ ആവശ്യമാണ് നിറവേറുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. സ്ഥലപരിമിതി, ഫർണ്ണീച്ചററിന്റെ കുറവ്, ക്ലാസ് റൂമിന്റെ മോശം അവസ്ഥ എന്നിവ മൂലം കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് വിദ്യാർഥികളുടെ അക്കാദമിക് ഫലത്തെ മോശമായി ബാധിക്കുന്നതിനാലാണ് സ്‌കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത്. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എത്രയും പെട്ടെന്ന് നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.

Related Topics

Share this story