Times Kerala

ഇന്ന് പി.ടി. ഉഷ – ജന്മദിനം

 
ഇന്ന് പി.ടി. ഉഷ – ജന്മദിനം

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി.ടി. ഉഷ അഥവാ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ (ജനനം 27-ജൂൺ-1964). ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല.

തീരെ ചെറിയപ്രായത്തിൽ തന്നെ ഉഷയിലുള്ള പ്രതിഭ തിരിച്ചറിഞ്ഞ ഒ.എം.നമ്പ്യാരാണ് പിന്നീട് ഉഷയുടെ കായികജീവിതത്തിലെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് ഉഷയുടെ അരങ്ങേറ്റം. 1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി. 1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ നാനൂറു മീറ്റർ ഹർഡിൽസ് ഓട്ടത്തിൽ സെമിഫൈനലിൽ ഒന്നാമതായി ഓടിയെത്തിയെങ്കിലും ഫൈനലിൽ ഫോട്ടോഫിനിഷിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27-ന് ജനിച്ചു. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി. ആറുമക്കളിൽ രണ്ടാമതായി ജനിച്ചതായിരുന്നു ഉഷ. വസ്ത്രകച്ചവടക്കാരനായിരുന്നു പിതാവ് പൈതൽ. പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്കൂളിൽ ആയിരുന്നു. അക്കാലത്തായിരുന്നു കേരളത്തിൽ കായികസ്കൂളായ ജി.വി.രാജാ സ്പോർട്ട് സ്കൂൾ ആരംഭിക്കന്നത്. ഉഷ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം കണ്ണൂരിലെ‍ ജി.വി.രാജാ സ്പോർട്ട്സ് ഡിവിഷൻ സ്കൂളിൽ ചേർന്നു. ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യത്തെ പരിശീലകൻ. അദ്ദേഹം ഉഷയെ ഒരു മികച്ച അത്ലറ്റാക്കുന്നതിനുവേണ്ടി കഠിനപരിശ്രമം നടത്തി.

1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി. 13 സെക്കന്റുകൾകൊണ്ടാണ് ഉഷ നൂറുമീറ്റർ ഓടിയെത്തിയത്. 13.1 എന്നതായിരുന്നു അതുവരെയുണ്ടായിരുന്നു ദേശീയ റെക്കോർഡ്. 1978 ൽ നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ നാലു സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുകയുണ്ടായി. 13.3 സെക്കന്റിലാണ് ഈ മീറ്റിൽ ഉഷ 100 മീറ്റർ ഓടിയെത്തിയത്,കൂടാതെ ഹൈജംപിൽ 1.35 മീറ്റർ ചാടി ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു.

1979 ൽ നാഗ്പൂരിൽ വെച്ചു നടന്ന ദേശീയ സ്കൂൾ കായികമേളയിൽ രണ്ട് ദേശീയ റെക്കോഡോടെ നാലു സ്വർണ്ണ ഉഷ നേടിയെടുത്തു. 12.8 സെക്കന്റിൽ 100 മീറ്റർ ഓടിയെത്തി അതുവരെ നിലവിലുണ്ടായിരുന്ന മൂന്നുവർഷം പഴക്കമുള്ള റെക്കോഡാണ് ഉഷ തിരുത്തിയത്. ഏതാനും സമയങ്ങൾക്കകം, തങ്കമ ആന്റണിയുടെ പേരിൽ നിലവിലുള്ള 200 മീറ്റർ റെക്കോഡും ഉഷ തന്റേതാക്കി തിരുത്തിയെഴുതി. 25.9 സെക്കന്റുകൊണ്ടാണ് ഉഷ 200 മീറ്റർ മത്സരം പൂർത്തിയാക്കിയത്.

1979 ൽ ഹൈദരാബാദിൽ വെച്ചു നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ മികച്ച പ്രകടനം കാഴ്ചവെച്ചു. 12.9 സെക്കന്റുകൾകൊണ്ട് നൂറുമീറ്റർ ഓട്ടം പൂർത്തിയാക്കി സ്വർണ്ണമെഡൽ കരസ്ഥമാക്കി. 80 മീറ്റർ ഹർഡിൽസിൽ നിലവിൽ ജാനി സ്ഫിൻക്സിന്റെ പേരിലുള്ള 13.6 എന്ന സമയം തിരുത്തിയെഴുതി 13.5 സെക്കന്റുകൊണ്ട് ഉഷ മത്സരത്തിൽ ഒന്നാമതെത്തി. 200 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ മെർട്ടിൻ ഫെർണാണ്ടസ് സ്ഥാപിച്ച 26.4 സെക്കന്റ് എന്ന സമയം, ഉഷ 26 സെക്കന്റ് സമയം കൊണ്ട് ഓടിയെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചു.

1981 ൽ കേരളത്തിലെ ഇരിങ്ങാലക്കുടയിൽ വെച്ചു നടന്ന സംസ്ഥാന അമച്വർ അത്ലറ്റിക്ക് മീറ്റിൽ ഉഷ നൂറുമീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. 12.3 സെക്കന്റുൾകൊണ്ടാണ് ഉഷ നൂറു മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 12.9 സെക്കന്റുകൾ എന്ന തന്റെ തന്നെ റെക്കോഡാണ് ഉഷ തിരുത്തിയത്.

പുരസ്കാരങ്ങൾ

അർജുന അവാർഡ് 1984
പത്മശ്രീ 1984
ജക്കാർത്തയിലെ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഏറ്റവും നല്ല വനിതാ അത്‌ലറ്റായി.
1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
1986 ൽ ഏഷ്യൻ ഗെയിംസിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് ലഭിച്ചു.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂടെ 13 സ്വർണമടക്കം 33 മെഡലുകൾ നേടി.
ദേശീയവും അന്തർദേശീയവുമായി 102 മെഡലുകൾ നേടി
1999 ൽ കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണമെഡലും 2 വെള്ളിയും നേടി.

Related Topics

Share this story