Times Kerala

ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് മൂന്നാറില്‍ ഏഴ് ടി എസ്റ്റേറ്റ് ബംഗ്ലാവുകള്‍ തുറന്നു

 
ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് മൂന്നാറില്‍ ഏഴ് ടി എസ്റ്റേറ്റ് ബംഗ്ലാവുകള്‍ തുറന്നു

തിരുവനന്തപുരം: ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ് മൂന്നാറില്‍ പൈതൃക ടി എസ്റ്റേറ്റ് ബംഗ്ലാവുകള്‍ തുറന്നു. തോട്ടങ്ങളും വനങ്ങളും ഉള്‍ക്കൊള്ളുന്ന കണ്ണന്‍ ദേവന്‍ മലനിരകളിലെ 58000 ഏക്കര്‍ വരുന്ന എസ്റ്റേറ്റിലെ ഏഴ് പരമ്പരാഗത പ്ലാന്‍റേഴ്സ് ബംഗ്ലാവുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഭാഗമാണ് ആമാ സ്റ്റേയ്സ് ആന്‍ഡ് ട്രെയില്‍സ്.

മഞ്ഞുമൂടിയ മലനിരകളില്‍ കണ്ണെത്താദൂരത്തോളം തേയിലത്തോട്ടങ്ങളുള്ള മൂന്നാര്‍ സുന്ദരമായൊരു പോസ്റ്റ്കാര്‍ഡ് പോലെയാണ്. എസ്റ്റേറ്റില്‍ മീന്‍പിടുത്തം, ഹോട്ട്എയര്‍ ബലൂണ്‍ റൈഡ്, ഗോള്‍ഫ്, ടീ ഫാക്ടറിയിലേയ്ക്കും ടാറ്റ ടീ മ്യൂസിയത്തിലേയ്ക്കുമുള്ള സന്ദര്‍ശനം എന്നിങ്ങനെ പ്രാദേശികസംസ്കാരവുമായി ഇഴചേരാന്‍ സാധിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുണ്ട്. പരമ്പരാഗതമായി കുടുംബങ്ങളിലൂടെ കൈമാറിവന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ബ്രിട്ടീഷ് സ്വാധീനവുമുള്ള വിഭവങ്ങളാണ് ഇവിടെ അതിഥികള്‍ക്കായി ഒരുക്കുന്നത്.

ഡ്രൈവ് ചെയ്തോ എസ്റ്റേറ്റിലെ ഹെലിപാഡിലേയ്ക്ക് ഹെലികോപ്റ്ററിലോ എത്താം. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബ സമേതം എത്തുന്നവര്‍ക്കും അനുയോജ്യമാണ് മൂന്നാറിലെ ആമാ ബംഗ്ലാവുകള്‍.

പ്രൈവറ്റ് സ്റ്റേകള്‍ക്കുള്ള ആവശ്യകത കണക്കിലെടുത്താണ് ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഹോംസ്റ്റേയായ ആമാ അതിമനോഹരമായ സൗന്ദര്യം നിറയുന്ന മൂന്നാറില്‍ പുതിയ തേയിലത്തോട്ട ബംഗ്ലാവുകള്‍ തുറന്നതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി എക്സ്പ്രഷന്‍സ് മേധാവി സരബ്ജീത് സിംഗ് പറഞ്ഞു.

Related Topics

Share this story