Times Kerala

കേരളത്തിലാദ്യമായി അതിസങ്കീർണമായ ഡേവിഡ്‌സ് പ്രൊസീജ്യര്‍ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

 
കേരളത്തിലാദ്യമായി അതിസങ്കീർണമായ ഡേവിഡ്‌സ് പ്രൊസീജ്യര്‍ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

കോഴിക്കോട് : ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ അതീവ സങ്കീര്‍ണ്ണമായ ഡേവിഡ് പ്രൊസീജ്യറിലൂടെ രക്ഷിച്ചെടുത്തു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 വയസ്സുകാരന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സ തേടിയെത്തിയത്. അടിയന്തര ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത 10% കണ്ട് കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി.

മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി. ഈ അവസ്ഥയില്‍ ചികിത്സ തേടിയെത്തുന്ന സാഹചര്യത്തില്‍ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം കൊറോണറി ആര്‍ട്ടറികളും കൃത്രിമ അയോര്‍ട്ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതിയില്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച് ജീവന്‍ രക്ഷിച്ചെടുത്താല്‍ രോഗി ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടി വരും. ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും, തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാക്കുകയും ചെയ്യും.

ഈ സാഹചര്യത്തെ കൂടി പരിഗണിച്ചാണ് അയോര്‍ട്ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കം ചെയ്യുന്ന ഡേവിഡ്‌സ് ചികിത്സാ രീതി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചത്. യഥാര്‍ത്ഥത്തില്‍ ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്ന് മടങ്ങ് സങ്കീര്‍ണ്ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്‌സ് പ്രൊസീജ്യര്‍ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. അനില്‍ ജോസ് പറഞ്ഞു. ഡോ. ശരത് (സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ഷബീര്‍ (കണ്‍സല്‍ട്ടന്റ്, കാര്‍ഡിയാക് അനസ്‌തേഷ്യ), ഗിരീഷ് എച്ച് (പെര്‍ഫ്യൂഷനിസ്റ്റ്) എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.

Related Topics

Share this story