Times Kerala

‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കണം; ഹൈക്കോടതി

 
‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കണം; ഹൈക്കോടതി

കൊച്ചി: ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതിനാശത്തെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി.

ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ചാണ് ഹർജി.

കേന്ദ്രസർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ കേന്ദ്രം നടപടിയെടുക്കണം. നിർമാതാക്കളായ മൂവീസ് മിൽ പ്രൊഡക്ഷനിൽനിന്ന് ചെലവീടാക്കണം. ഗ്രാവൽ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.

ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം. അതിനാൽ ചിത്രീകരണം അനധികൃതമാണെന്നു പറയാനാകില്ല. സെൻസർ നടപടികൾ പൂർത്തിയാക്കി സിനിമ റിലീസ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.

Related Topics

Share this story