Times Kerala

ആന്തൂര്‍: പി. ജയരാജനെ തിരുത്തി സിപിഎം സംസ്ഥാനസമിതി

 
ആന്തൂര്‍: പി. ജയരാജനെ തിരുത്തി സിപിഎം സംസ്ഥാനസമിതി

തിരുവനന്തപുരം: പി. ജയരാജനെ വീണ്ടും തിരുത്തി സി.പി.ഐ.എം സംസ്ഥാന സമിതി. ആന്തൂര്‍, പി.ജെ ആര്‍മി വിഷയങ്ങളിലായിരുന്നു ജയരാജനെ തിരുത്തിയത്. വിയോജിപ്പും അഭിപ്രായ വ്യത്യാസങ്ങളും പ്രകടിപ്പിക്കാന്‍ നവമാധ്യമ ഫോറങ്ങള്‍ ഉപയോഗിക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിങ്കളാഴ്ച അവസാനിച്ച സി.പി.ഐ.എം സംസ്ഥാന സമിതിയിലായിരുന്നു സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെതിരെ വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയത്. സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവേ കോടിയേരി ബാലകൃഷ്ണന്‍ സ്വമേധയാ ഈ വിഷയങ്ങളിലേക്ക് വരികയായിരുന്നു. പി.ജെ ആര്‍മിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കോടിയേരി ആദ്യം നിലപാട് വിശദീകരിച്ചത്.

അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പാര്‍ട്ടി ഫോറങ്ങളിലാണ് പറയേണ്ടതെന്നും അത് പറയാന്‍ മറ്റ് ഫോറങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതി ആശാസ്യമല്ലെന്നുമായിരുന്നു് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പി. ജയരാജന്റെ ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ് പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പില്‍ ആന്തൂര്‍ വിഷയത്തിലും ബിനോയ് കോടിയേരി വിവാദത്തിലും ചില പോസ്റ്റുകളും പരാമര്‍ശങ്ങളും വന്നിരുന്നു. ഇതെല്ലാം ഔദ്യോഗിക സ്വഭാവമുള്ളതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി വിമര്‍ശനം ഉന്നയിച്ചത്.

ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധര്‍മശാലയിലെ പൊതുയോഗത്തില്‍ അവര്‍ക്കെതിരെ സംസ്ഥാനസമിതിയില്‍ നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും ശരിയായ നടപടിയായില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോള്‍ അത് ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു.  കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന വിഷയത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. അതിന് കടകവിരുദ്ധമായ നിലയിലാണ് പി. ജയരാജന്റെ ഇടപെടലുണ്ടായത്. പി.ജയരാജന്റ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കോടിയേരി സംസ്ഥാനസമിതിയില്‍ സംസാരിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന എഫ്.ബി പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തു.

Related Topics

Share this story