Times Kerala

പട്ടാപ്പകൽ വീട്ടിൽ കയറി, വൃദ്ധയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു, ഇറങ്ങാൻ സമയം 1000 രൂപ തിരികെയും നൽകി; അന്വേഷണം

 
പട്ടാപ്പകൽ വീട്ടിൽ കയറി, വൃദ്ധയെ  കെട്ടിയിട്ട് സ്വർണവും പണവും കവർന്നു, ഇറങ്ങാൻ സമയം 1000 രൂപ തിരികെയും നൽകി; അന്വേഷണം

പത്തനംതിട്ട: പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയായ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. പന്തളം കടയ്ക്കാട് പനയറയില്‍ പരേതനായ അനന്തന്‍ പിള്ളയുടെ ഭാര്യ ശാന്തകുമാരി എന്ന 72 കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും നാല് പവനും 8000 രൂപയും മോഷ്‌ടാക്കൾ കവർന്നതായാണ് പരാതി.

ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിലേക്ക് സദ്യയ്‌ക്കായി വാഴയില വെട്ടാനെന്ന വ്യാജേനയാണ് മോഷ്‌ടാക്കൾ ശാന്തകുമാരിയുടെ വീട്ടിലെത്തിയത്. ഇല വെട്ടാൻ കത്തിയെടുത്തു നൽകാനായി ശാന്തകുമാരി വീടിനുള്ളിലേക്ക് കയറിയപ്പോൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു മോഷ്‌ടാക്കളും വീടിനുള്ളിൽ കടന്നു. തുടർന്ന് കൈകള്‍ ബന്ധിക്കുകയും തോര്‍ത്തുപയോഗിച്ച് വായ മൂടിക്കെട്ടുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് മൂന്നു വളകള്‍, കമ്മല്‍, മോതിരം എന്നിവ ഊരിയെടുക്കുകയും, താക്കോൽ കൈയ്ക്കലാക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവറുകയുമായിരുന്നു. തുടർന്ന് കെട്ടഴിച്ചു വിട്ട ശേഷം അപഹരിച്ച പണത്തിൽ നിന്നും 1000 രൂപ തിരികെ നൽകിയാണ് സംഘം കടന്നത്. മോഷണം നടന്ന വിവരം ശാന്തകുമാരി ചാരുംമൂട്ടിലും ചെങ്ങന്നൂരും താമസിക്കുന്ന മക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Topics

Share this story