Times Kerala

നെടുമങ്ങാട് നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

 
നെടുമങ്ങാട് നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന്

തിരുവനന്തപുരം: നെടുമങ്ങാട് മുനിസിപ്പാലിറ്റി പതിനാറാം കല്ല് ഡിവിഷനിലേക്കുള്ള (17-ാം വാർഡ്) ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 11നു നടക്കും. ഉപതരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പടുവിച്ചു. വനിതാ സംവരണ വാർഡ് ആണ്. ജൂലൈ 23 ആണു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ബീന സുകുമാർ ആണ് ഉപതെരഞ്ഞെടുപ്പിന്റെ വരണാധികാരി. നെടുമങ്ങാട് മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ പി.ആർ. അനോജ് കുമാറാണ് ഉപവരണാധികാരി. ഇവരുടെ ഓഫിസുകളിൽ ജൂലൈ 23 വരെയുള്ള തീയതികളിലെ പൊതുഒഴിവു ദിവസം അല്ലാതെയുള്ള ദിവസങ്ങളിൽ രാവിലെ 11നും ഉച്ചകഴിഞ്ഞു മൂന്നിനും ഇടയ്ക്കു നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂലൈ 26നു സൂക്ഷ്മ പരിശോധന നടക്കും. 28നു വൈകിട്ടു മൂന്നു വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഓഗസ്റ്റ് 11നു രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ഓഗസ്റ്റ് 12നു വോട്ടെണ്ണും. മഞ്ച ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്. ആണു വോട്ടെണ്ണൽ കേന്ദ്രം.

കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ടു കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിയും നിർദേശകനും അടക്കം പരമാവധി മൂന്നു പേരെയേ അനുവദിക്കൂ. ഒരു സമയം ഒരു സ്ഥാനാർഥിയുട ആളുകൾ മാത്രമേ വരണാധികാരിയുടെ ഓഫിസിൽ കയറാൻ പാടുള്ളൂ. പത്രിക സമർപ്പിക്കാൻ എത്തുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യണം. സാമൂഹിക അകലം അടക്കമുള്ള മറ്റു കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ആവശ്യമെങ്കിൽ നോമിനേഷൻ സമർപ്പിക്കുന്നതിന് സ്ഥാനാർഥിക്കു മുൻകൂറായി സമയം അനുവദിക്കും. വരണാധികാരി, ഉപവരണാധികാരി എന്നിവർ പത്രികാ സമർപ്പണ വേളയിൽ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.

നോമിനേഷൻ സമർപ്പിക്കാൻ എത്തുന്ന സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽനിന്നുള്ളവർ മുൻകൂട്ടി അറിയിച്ചു വേണം എത്തേണ്ടത്. സ്ഥാനാർഥി കോവിഡ് പോസിറ്റിവ് ആണെങ്കിലോ ക്വാറന്റൈനിലാണെങ്കിലോ നിർദേശകൻ മുഖേന പത്രിക സമർപ്പിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാക സ്ഥാനാർഥിക്കു സത്യപ്രതിജ്ഞചെയ്ത് ഒപ്പു രേഖപ്പെടുത്താവുന്നതാണ്. ഇതു വരണാധികാരിക്കു സമർപ്പിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഭവന സന്ദർശനത്തിനു സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ പാടുള്ളൂ. റോഡ്‌ഷോ, വാഹന റാലി, ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ പാടില്ല. പൊതുയോഗങ്ങൾ, കുടുംബ യോഗങ്ങൾ എന്നിവ നടത്തുന്നതിനു മുൻപു പൊലീസിന്റെ അനുമതി വാങ്ങണം. നോട്ടിസുകൾ, ലഘുലേഖകൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.

സ്ഥാനാർഥിക്കു ബൊക്കെ, ഹാരം, നോട്ടുമാല, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടി പാടില്ല. ഏതെങ്കിലും സ്ഥാനാർഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനിൽ പോകേണ്ടിവന്നാലോ ഉടൻ പ്രചാരണ രംഗത്തുനിന്നു മാറിനിൽക്കണം. വോട്ടെടുപ്പു ദിവസവും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. സുരേഷ്, ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടറും വരണാധികാരിയുമായ ബീന സുകുമാർ, നെടുമങ്ങാട് നഗരസഭാ സെക്രട്ടറി ഷെറി ജി, അസിസ്റ്റന്റ് എഞ്ചിനീയർ (ഉപവരണാധികാരി) പി.ആർ. അനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story