Times Kerala

ടെന്നീസ് താരം കൊക്കോ ഗൗഫിന് കോവിഡ്; താരത്തിന് ടോക്കിയോ ഒളിംപിക്‌സ് നഷ്ടമാവും

 
ടെന്നീസ് താരം കൊക്കോ ഗൗഫിന് കോവിഡ്; താരത്തിന് ടോക്കിയോ ഒളിംപിക്‌സ് നഷ്ടമാവും

അമേരിക്കൻ ടെന്നീസ് യുവതാരം കൊക്കോ ഗൗഫിനു കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് താരം വരാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സിൽ നിന്നും പിന്മാറി. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യവും ഒളിംപിക്സിൽ നിന്നും പിന്മാറുന്നതും ട്വിറ്ററിലൂടെ അറിയിച്ചത്. 17 കാരിയായ ഗൗഫ്‌ ലോക റാങ്കിങ്ങിൽ 23 ആം സ്ഥാനത്താണ്.

ഒളിംപിക്സിൽ അമേരിക്കയുടെ വനിതാ ടെന്നീസ് ടീമിനെ നയിക്കാൻ ഒരുങ്ങുന്നതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന വാർത്ത നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ വളരെ നിരാശയിലാണ്. അമേരിക്കയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുക എന്നത് എന്റെ വളരെ വലിയൊരു സ്വപ്നമായിരുന്നു. ഈ സ്വപ്നം സാധ്യമാവാൻ ഭാവിയിൽ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അമേരിക്കൻ ടീമിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ പങ്കെടുക്കുന്ന എല്ലാ ഒളിംപ്യൻമാർക്കും ഒളിംപിക്‌സ് കുടുംബത്തിനും സുരക്ഷിതമായ മത്സരമാവട്ടെ എന്ന് ആശംസിക്കുന്നു.” എന്നാണ് താരം ട്വീറ്റ് ചെയ്തത്. ഗൗഫ്‌ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നുവെങ്കിൽ 2000ലെ സിഡ്‌നിയിൽ നടന്ന ഒളിംപിക്സിനുശേഷം ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിനു സ്വന്തമായേനെ.

Related Topics

Share this story