Times Kerala

ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം ; റോഡരികിലെ കുടിവെള്ള പൈപ്പുകൾ എടുത്തുമാറ്റി

 
ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം ; റോഡരികിലെ കുടിവെള്ള പൈപ്പുകൾ എടുത്തുമാറ്റി

തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിലെ ജനശക്തി, പുളിഞ്ചേരി റോഡരികിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള പൈപ്പുകൾ എടുത്തുമാറ്റി. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകൾക്കായുള്ള ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായാണ് എളവള്ളി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ പൈപ്പുകൾ സൂക്ഷിച്ചിരുന്നത്.

ആദ്യം ജനശക്തി, പുളിഞ്ചേരി റോഡുകൾ വഴിയാണ് പൈപ്പ് ലൈൻ കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നത്. പിന്നീട് അലൈൻമെൻ്റ് മാറ്റി പാവറട്ടി സെൻ്റർ വഴിയായി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ പൈപ്പുകൾ റോഡരികിൽ നിന്നും മാറ്റിയിരുന്നില്ല. ഇത് ഗതാഗതതടസ്സം വർദ്ധിക്കാനും അതുവഴി അപകടങ്ങൾക്കും കാരണമായിരുന്നു. കൂടാതെ റോഡരികിലെ കാനകൾ അടഞ്ഞതിനാൽ വലിയ വെള്ളക്കെട്ടിനും സാധ്യത കൂടി.

ജനശക്തി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 14 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കോൺക്രീറ്റ് കാനയുടെ പണികളും ഇതുമൂലം നിർത്തിവെക്കേണ്ടിവന്നു.
ഈ സാഹചര്യത്തിൽ പൈപ്പുകൾ മാറ്റണമെന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം കേരള വാട്ടർ അതോറിറ്റിയെ അറിയിക്കുകയായിരുന്നു. രണ്ടുമാസമായിട്ടും പൈപ്പുകൾ മാറ്റാത്ത സാഹചര്യത്തിൽ മുരളി പെരുനെല്ലി എംഎൽഎ യുടെ ഇടപെടലിൻ്റെ ഭാഗമായാണ് അടിയന്തര നടപടി ഉണ്ടായത്.

ഇന്ത്യാ ടെക് കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് പൈപ്പിടൽ പദ്ധതി നടത്തിവരുന്നത്. ഒരു അടി വ്യാസവും 6 മീറ്റർ നീളവുമുള്ള അമ്പതോളം പൈപ്പുകളാണ് മാറ്റിയത്. മഴ മാറിയ ഉടനെ ജനശക്തി റോഡിലെ കോൺക്രീറ്റ് കാനയുടെ നിർമാണം നടത്തുമെന്ന് എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.

Related Topics

Share this story