Times Kerala

‘പക്ഷാഘാത രോഗികളിലെ ആശയവിനിമയ പ്രശ്നങ്ങള്‍; വെല്ലുവിളികളും പരിഹാരങ്ങളും’ നിഷ് വെബിനാര്‍ വെള്ളിയാഴ്ച

 
‘പക്ഷാഘാത രോഗികളിലെ ആശയവിനിമയ പ്രശ്നങ്ങള്‍; വെല്ലുവിളികളും പരിഹാരങ്ങളും’ നിഷ് വെബിനാര്‍ വെള്ളിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ പരമ്പരയുടെ ഭാഗമായി ജൂലൈ 16 വെള്ളിയാഴ്ച ‘പക്ഷാഘാത രോഗികളിലെ ആശയവിനിമയ പ്രശ്നങ്ങള്‍ ; വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന വെബിനാറിന്‍റെ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. നിഷ് ഓഡിയോളജി സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് വിഭാഗം ലക്ചററും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുമായ പ്രീതി സൂസന്‍ റെനി നേതൃത്വം നല്‍കും.

പക്ഷാഘാതത്തെ അതിജീവിച്ചവരിലെ സംസാരിക്കാനും മനസ്സിലാക്കാനുമുള്ള ബുദ്ധിമുട്ട്, വായിക്കുന്നതിനും എഴുതുന്നതിനുമുള്ള പ്രയാസം തുടങ്ങിയ ആശയവിനിമയവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവരുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിയുടെ സംസാരവും ഭാഷയും കഴിയുന്നത്ര മെച്ചപ്പെടുത്താനുള്ള ഉപാധികളാണ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. കൃത്യസമയം സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റിന്‍റെ സഹായം തേടിയാല്‍ ഒരു പരിധിവരെ മെച്ചപ്പെട്ട അവസ്ഥയിലെത്താന്‍ സാധിക്കും. കഴിവിന്‍റെ പരമാവധി ആശയവിനിമയം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും പുനരധിവാസത്തിന്‍റെ ആവശ്യകത മനസിലാക്കുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുവേണ്ട ആസൂത്രിത ഇടപെടലുകള്‍ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9447082355.

Related Topics

Share this story