Times Kerala

ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച മരിച്ചു, വേദനയിൽ കഴിയവെ ഭാര്യയും; പ്രവാസ ലോകത്ത് വേദനയായി രണ്ട് മരണങ്ങള്‍; അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

 
ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച മരിച്ചു, വേദനയിൽ കഴിയവെ ഭാര്യയും; പ്രവാസ ലോകത്ത് വേദനയായി രണ്ട് മരണങ്ങള്‍; അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസലോകത്തെ വേദനിപ്പിച്ച് വീണ്ടും മലയാളികളുടെ മരണം. സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയാണ് വിയോഗ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് മലയാളികളായ രണ്ട് വനിതകളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് കഴിഞ്ഞ ആഴ്ച്ചയാണ് മരണപ്പെട്ടത്. അന്ന് അസുഖ ബാധിതയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ സഹധര്‍മ്മിണി. ഓരോര്‍ത്തര്‍ക്കും ഓരോ വിധികളാണ്. ഈ മാതാക്കളുടെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഒരുപാട് പേരുണ്ട് ഈ പ്രവാസലോകത്ത്.

അല്ലെങ്കിലും മാതാവും പിതാവും നഷ്ടപ്പെടുക എന്നത് ഏതൊരു മനുഷ്യനെയും തളര്ത്തിക്കളയും. വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ നിറ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ ഒരു മാതാവ് ഉണ്ടായിരിക്കുക എന്നതില്‍ കവിഞ്ഞ എന്ത് സൗഭാഗ്യമാണ് വേണ്ടത്. മനസ്സ് നിറയേ നൊമ്പരങ്ങളുമായി വീട്ടിലേക്ക് കയറി ചെല്ലുമ്പോള്‍ മാതാവിന്റെ സ്‌നേഹത്തോടെയുള്ള തലോടലുകള്‍ മൂലം മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുപോലെ ഉരുകിപ്പോകുന്നത് വല്ലാത്തൊരു സംഭവമല്ലേ. മാതാപിതാക്കളുടെ വാത്സല്ല്യത്തിന്റെ തണലില്‍ ജീവിക്കാന്‍ കഴിയുക എന്നത് തന്നെ സൗഭാഗ്യമാണ്. പക്ഷെ എന്നായാലും ഒരുനാള്‍ വേര്‍പിരിയേണ്ടി വരും. മാതാപിതാക്കള്‍ക്ക് നമ്മുടെ കഴിവിന്റെ പരമാവധി സ്‌നേഹവും സഹായവും നല്‍കി സന്തോഷ ജീവിതം നല്‍കാന്‍ നമുക്ക് കഴിയണം. മാതാവ് നമുക്ക് വേണ്ടി സഹിച്ച യാതനകള്‍ക്ക് പകരമാകില്ല നമ്മുടെ ഏത് വലിയ പ്രവര്‍ത്തനവും. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് അവര്‍ക്കായി ജീവിക്കാം. അവര്‍ക്കായി സ്‌നേഹത്തിന്റെ തണല്‍ ഒരുക്കാന്‍ ചിരകുവിരിക്കാം. നമ്മില്‍ നിന്ന് വിട്ടു പിരിഞ്ഞുപോയ മാതാ പിതാക്കള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചൊരിയുമാറാകട്ടെ…..

Related Topics

Share this story