chem

എങ്ങനെ ഇരുന്ന പെണ്‍കൊച്ചാ ദൈവമേ, ഒന്ന് പെറ്റ് എഴുന്നേറ്റപ്പോള്‍ കണ്ടില്ലേ കോലം, ആ ചെറുക്കന്റെ തള്ള ആണെന്ന് തോന്നുന്നല്ലോ; യുവതിയുടെ കുറിപ്പ്

പ്രസവകാല സുഖ ചികിത്സകളെ കുറിച്ചും അതെങ്ങനെ പെണ്ണിന്റെ ശരീരത്തെ ബാധിക്കുമെന്നും തുറന്നെഴുതുകയാണ് ജിസ ഡോണല്‍. ഏങ്ങാനും ഒന്ന് കുനിഞ്ഞു നിവര്‍ന്നാല്‍, ഉള്ളിലെ കുഞ്ഞു വാവ താഴേക്ക് വീണു പോയാലോ എന്നു ഭയന്ന് ഒമ്പത് മാസവും ബെഡില്‍ കിടക്കുന്ന ഗര്‍ഭിണികളും, ‘അവളെ കൊണ്ടു ഒന്നും ചെയ്യിക്കണ്ട, വയറ്റില്‍ ഉള്ളതല്ലേ’ എന്ന് പറയുന്ന വീട്ടുകാരുടെ അമിതപരിഗണനകളും ഒക്കെ ചേര്‍ന്ന് കാര്യങ്ങള്‍ വീണ്ടും വഷളാക്കുന്നുവെന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം:

എങ്ങനെ ഇരുന്ന പെണ്‍കൊച്ചാ ദൈവമേ…. ഒന്ന് പെറ്റ് എഴുന്നേറ്റപ്പോള്‍ കണ്ടില്ലേ കോലം ….. ആ ചെറുക്കന്റെ തള്ള ആണെന്ന് തോന്നുന്നല്ലോ…..

ചിലര്‍ക്കെങ്കിലും ഈ ഡയലോഗ് സുപരിചിതം ആയിരിക്കും. പ്രസവം കഴിഞ്ഞ് വച്ച വണ്ണം , ശരീരത്തില്‍ നിന്ന് പെട്ടെന്ന് ഒഴിവാക്കാന്‍ ബാധ ഒഴിപ്പിലിനോ , ആഭിചാരക്രിയകള്‍ക്കോ ആവാത്തത് കൊണ്ട് കുറെ നാളത്തേക്ക് ഗര്‍ഭകാലത്ത് വന്ന രൂപമാറ്റം പല പെണ്‍ ശരീരങ്ങളിലും ഉണ്ടാകും. ചാടിയ വയറും, സ്‌ട്രെച്ച് മാര്‍ക്കിന്റെ ചിത്രപ്പണികളും , അവിടെവിടെയായി വണ്ടിയുടെ ടയര്‍ പോലെ പല മടക്കുകളും ശരീരത്തില്‍ അവശേഷിക്കാം. അത്തരം വയറും , ടയറും ഒക്കെ ഉള്ള സ്ത്രീകള്‍, യൗവനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോടൊപ്പം പോകുമ്പോള്‍ കേള്‍ക്കാന്‍ സാധ്യതയുള്ളതാണ് മേല്‍പ്പറഞ്ഞ ഈ ഡയലോഗ്.

ഇതിനൊക്കെ കാരണങ്ങളും കാരണക്കാരും എന്തൊക്കെ എന്നും ആരൊക്കെ എന്നും ഒന്ന് നോക്കാം .ഉള്ളില്‍ ഒരു കുഞ്ഞുള്ളതല്ലേ …2 പേര്‍ക്കുള്ളത് കഴിക്കു ..എന്നു നിര്‍ബന്ധിച്ചു 4 പേര്‍ക്കുള്ള ഭക്ഷണം ഒരു ഗര്‍ഭിണിയെ കൊണ്ടു കഴിപ്പിക്കുന്ന സ്‌നേഹത്തിന്റെ കൈകളും, നീ ഇങ്ങനെ തൊലിഞ്ഞു കുത്തി ഇരുന്നാല്‍ കുഞ്ഞിനു വളര്‍ച്ച കുറയും ,തൂക്കം വയ്ക്കില്ല കേട്ടോ എന്ന സാരോപദേശകരുടെ സ്‌നേഹമസൃണമായ ഓര്‍മ്മപെടുത്തലുകളും ,ദേ ഈ പ്രസവം എന്നതു നല്ല ആയാസവും അധ്വാനവും ഉള്ള പണിയാ..നല്ല ആരോഗ്യം ഇല്ലേല്‍ സംഗതി പാളും കേട്ടോ എന്ന അനുഭവസ്ഥരുടെ താക്കീതുകള്‍.

ഇതെല്ലാം കേള്‍ക്കുന്ന പാവം ഒരു ഗര്‍ഭിണി ഞാന്‍ ആയി എന്റെ കുഞ്ഞിനിനു ഒരു ദോഷവും വരരുത് എന്ന കരുതല്‍ കൊണ്ടു എല്ലാ നിര്‍ദേശങ്ങളും ശിരസ്സാവഹിക്കും . എന്നാല്‍ ഒരു കുഞ്ഞിനു പകരം 3 കുഞ്ഞുങ്ങളുടെ വളര്‍ച്ചക്കും പ്രസവത്തിനും വേണ്ട ഭക്ഷണം ആവും ഇതെല്ലാം കേട്ട് 9 മാസം കൊണ്ടു കഴിച്ചു കൂട്ടുക പലരും.

ഇതിനൊപ്പം ശരീരം അനങ്ങാനേ പാടില്ലാത്ത തീരാവ്യാധി ആയി ഗര്‍ഭകാലത്തെ കണ്ടു , ഏങ്ങാനും ഒന്ന് കുനിഞ്ഞു നിവര്‍ന്നാല്‍ ഉള്ളില്‍ ഉള്ള കുഞ്ഞു വാവ ഏങ്ങാനും താഴേക്ക് വീണു പോയാലോ എന്നു ഭയന്ന് 9 മാസവും ബെഡില്‍ കിടക്കുന്ന ഗര്‍ഭിണികളും , അവളെ കൊണ്ടു ഒന്നും ചെയ്യിക്കണ്ട …എവിടേലും ഇരിക്കട്ടെ …വയറ്റില്‍ ഉള്ളതല്ലേ എന്ന വീട്ടുകാരുടെ പരിഗണയുടെ സ്വരവും ഗര്‍ഭത്തിന്റെ ഒരു ബോണസ് ആയി കണ്ടു സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്ന ലേശം കള്ളി ഗര്‍ഭിണികളും ഉണ്ടാകാം . ഇനി പ്രസവം കഴിഞ്ഞാല്‍ പിന്നെ പ്രസവരക്ഷയോടു രക്ഷ “ദേ …പെറ്റെഴുനേറ്റു ഭര്‍ത്താവിന്റെ വീട്ടിലേക്കു പോകുമ്പോ , മെലിഞ്ഞു ഉണങ്ങി ഇരുന്നാല്‍ വീട്ടുകാര്‍ നിന്നെ നോക്കിയില്ല , ശരിയായി ‘ രക്ഷ ‘ ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നതിനെ കുറച്ചിലായി കാണുന്ന കരുതലിന്റെ കരങ്ങള്‍ , നെയ്യില്‍ പുരണ്ട ലേഹ്യങ്ങളും, കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങളും ഒക്കെ അടിച്ചു കയറ്റിച്ചു നല്ലോണം രക്ഷിക്കാനും ശ്രമിക്കും എന്നതാണ് നഗ്‌നസത്യം.

ഇതിന്റെ എല്ലാം ആകത്തുക ആണ് പലപ്പോഴും അമിതവണ്ണവും , ചാടികിടക്കുന്ന വയറും, ശരീരത്തില്‍ വരുന്ന കൊഴുപ്പിന്റെ മടക്കുകളും. എന്നാല്‍ ചിലരുടെ ശരീരപ്രകൃതി വ്യത്യസ്തമാകും….എത്ര കഴിച്ചാലും ,എത്ര പ്രസവിച്ചാലും അപ്പടിയേ ഇരിക്കും.18 കൂടിയാല്‍ 20 വയസ്സ്…അത്രയേ തോന്നു…Ever green glamour girls.. )

‘ഓ..ഇങ്ങനെ ഒക്കെ അങ്ങു പോട്ടെന്നേ …ഒരു പ്രസവമൊക്കെ കഴിഞ്ഞു. ഇനി ഇപ്പൊ ഞാന്‍ ഐശ്വര്യ റായിയെ പോലെ ഇരുന്നിട്ട് ലോകസുന്ദരി മത്സരത്തിനൊന്നും പോണില്ലലോ ….കഷ്ടപ്പെട്ട് വച്ച വണ്ണം ഒക്കെ ഒന്ന് കുറച്ചു വരുമ്പോ അടുത്ത കുഞ്ഞിനുള്ള സമയം ആവും …പിന്നെ എന്തിനാ പാടുപെടുന്നേ….’എന്നു ചിന്തിക്കുന്ന ഒരു കൂട്ടരും ഉണ്ട് . (Least Bothered super cool girls…) ഈ രണ്ടു കൂട്ടരും ഈ കുറിപ്പിന്റെ പരിധിക്കു പുറത്താണ് . എന്റെ വണ്ണം …എന്റെ ശരീരം…. എന്റെ സ്വാതന്ത്ര്യം…. നിങ്ങള്‍ക്ക് അതില്‍ വോയിസ് ഇല്ല, എന്ന നല്ല Body positivtiy ഉള്ള, എന്തു തരം Body shaming കമെന്റ്‌സിലും ഉലയാതെ നല്ല ബോള്‍ഡ് ആയി നില്‍ക്കുന്ന സ്ത്രീകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. അവരുടെ കാഴ്ചപ്പാടിനോട് ബഹുമാനം മാത്രമേയുള്ളൂ …പക്ഷെ അവരും ഈ കുറിപ്പില്‍ ഉള്‍പ്പെടുന്നില്ല.

എന്നാല്‍ , അമിത വണ്ണത്തില്‍ സ്വയം അപകര്‍ഷത തോന്നിയോ,ആരോഗ്യത്തിനായി വണ്ണം കുറയ്ക്കണം എന്ന് സ്വയ ബോധ്യത്തില്‍ നിന്നോ , ഏതെങ്കിലും ബാഹ്യ ശക്തികളുടെ സ്വാധീനംകൊണ്ടോ(ഈ ബാഹ്യശക്തികള്‍ എന്നുദ്ദേശിച്ചതു ഭര്‍ത്താവ്, സുഹൃത്തുക്കള്‍,ബന്ധുജനങ്ങള്‍ എല്ലാവരെയും ചേര്‍ത്താണ് കേട്ടോ…) സ്വയം ന്യായീകരിച്ചു മടുത്തിട്ടോ, പ്രസവ ശേഷം വച്ച തൂക്കം കുറയ്ക്കണം എന്ന ലക്ഷ്യത്തിനായി ശ്രമിച്ചു നോക്കിയിട്ടുള്ള , ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഇനി ശ്രമികാനിരിക്കുന്ന എന്റെ എല്ലാ പെണ്‍സുഹൃത്തുക്കള്‍ക്കുമായാണ് ഈ കുറിപ്പ്.

കുഞ്ഞിന് ഏതാണ്ട് 1 2 വയസ്സ് ആകുന്നത് വരെ പൊതുവേ, സ്വന്തം ശാരീരിക മാറ്റങ്ങളെ കുറിച്ച് ഒരു പരിധിവരെ ആരും ഒത്തിരി ആകുലപ്പെടാറില്ല .കാരണം നിലതൊന്നു നില്‍ക്കാന്‍ സമയം കിട്ടിയിട്ട് വേണ്ടേ….ഒന്ന് കണ്ണാടിയില്‍ ശരിക്കും നോക്കാന്‍ പറ്റിയിട്ടു വേണ്ടെ … എങ്ങനെയാണ് ഇരിക്കുന്നത് എന്ന് സ്വയം ഒന്ന് വിലയിരുത്താന്‍..സമാധാനം ആയി ഒന്ന് കുളിക്കാനോ , വാഷ്‌റൂമില്‍ പോകാനോ പോലും നേരം തികയാത്ത ശിശുപരിപാലന കര്‍മ്മ പരിപാടിയ്ക്ക് ഇടയ്ക്കു ഇതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? പാലൂട്ടലും, കൊച്ചിനെ നോട്ടവും , പിറകെയുള്ള ഓട്ടവും ഒക്കെ കൊണ്ട് പലരുടേയും വണ്ണം ഈ ഒരു കാലയളവില്‍ പൂര്‍വസ്ഥിതിയില്‍ ആയേക്കാം . അടിഞ്ഞ കൊഴുപ്പൊക്കെ കത്തി പോയേക്കാം . എന്നാല്‍ എത്ര ഓടിയാലും കാര്യമായി ഒരു ചുക്കും ശരീരത്തിന് സംഭവിക്കാത്ത സ്ത്രീകളുമുണ്ട് . അവര്‍ക്കൊക്കെ എന്തൊക്കെ പ്രായോഗികമായി ചെയ്യാന്‍ സാധിക്കും എന്നു നോക്കാം . ‘പ്രസശേഷം വന്ന ശാരീരിക മാറ്റങ്ങളെ അംഗീകരിക്കുക.ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു , പ്രസവിച്ചതിന്റെ അവശേഷിപ്പുകള്‍ ആയി നിങ്ങളുടെ ശരീരത്തില്‍ വന്ന ആ പരിവര്‍ത്തനങ്ങളെ പോസിറ്റീവ് ആയി തന്നെ ഉള്‍ക്കൊള്ളുക. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിറുത്തിയും,സ്വന്തം ആത്മവിശ്വാസം നിലനിര്‍ത്തുവാനും അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ പരിഹസിക്കേണ്ടതായി ഒന്നും ഇല്ല എന്നു സ്വയം മനസ്സിലാക്കുക. അതിനായുള്ള പരിശ്രമങ്ങള്‍ ഗര്‍ഭകാലത്തു തന്നെ തുടങ്ങുക. വാരിവലിച്ചു കഴിക്കാതെ പോഷക സമൃദ്ധമായ ,കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ ഡയറ്റ് ഫോളോ ചെയ്യുക. ആവശ്യത്തിന് മാത്രമുള്ള തൂക്കം കൂട്ടുക.

മുലയൂട്ടുന്ന സമയത്തും വേണ്ട എക്‌സ്ട്രാ കലോറീസിന് ഉള്ള ഫുഡ് മാത്രം കഴിക്കുക . ഇതിനു ഗൈനെക്കോളജിസ്റ്റിന്റെയും ,ന്യൂട്രിഷനിസ്റ്റിന്റെയും ഒക്കെ ഗൈഡന്‍സും, സഹായവും തേടാവുന്നതാണ് . ദൈനം ദിന ജോലികള്‍ എല്ലാം ഏതൊരു സാധാരണ ഗര്‍ഭാവസ്ഥയിലും ചെയ്യാവുന്നതാണ് . ഓണ്‍ലൈന്‍ ആയി അറ്റന്‍ഡ് ചെയ്യാവുന്ന പ്രീനേറ്റല്‍ യോഗ,സുമ്പ ക്ലാസ്സ് ഒക്കെ ഇന്നു ധാരാളം ഉണ്ട് ,അതും മിതമായ നിരക്കില്‍ . ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കുകയെ വേണ്ടു. സാഹചര്യം ഉണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കു . ആക്റ്റീവ് ആയ ശരീരത്തില്‍ സുഖ പ്രസവത്തിനു സാധ്യത കൂടുതല്‍ ആണ്.

ഇനി പ്രസവശേഷം ഉള്ള പ്രസവരക്ഷ’ ‘പ്രസവശിക്ഷ’ ആയി മാറാതെ നോക്കുക. ശരീരത്തിന് ആവശ്യം ഉള്ളവ മാത്രം സപ്ലിമെന്റ് ചെയ്യുക. നെയ്യ് ചേര്‍ക്കാത്ത ലേഹ്യങ്ങള്‍, പ്രസവ രക്ഷ മരുന്നുകള്‍ ഒക്കെ വാങ്ങാന്‍ കിട്ടും . നോക്കി ചൂസ് ചെയ്യുക.ഒരു സ്വിച്ച് ഇട്ടാല്‍ അകത്തേക്കു കഴിക്കുന്ന കലോറിയെ ദഹിപ്പിക്കാന്‍ ആവില്ല എന്നു മറക്കാതെ ഇരിക്കുക . പിന്നെ പറ്റുന്ന പോലെ ഉള്ള ഫിസിക്കല്‍ ആക്ടിവിറ്റി പ്ലാന്‍ ചെയ്യുക. Postnatal വിസിറ്റിനു പോകുമ്പോള്‍ നിങ്ങളുടെ ഗൈനെക്കോളജിസ്റ്റിനോട് ഇതേ പറ്റി ചോദിച്ചു മനസ്സിലാകുക . നടക്കുക, സ്റ്റെപ് കയറി ഇറങ്ങുക എന്നിങ്ങനെ ഉള്ളതൊക്കെ അര്‍ക്കും മനസ്സുണ്ടെങ്കില്‍ ചെയ്യാവുന്നതേ ഉള്ളു.

എന്നാല്‍ ചില എക്‌സര്‍സൈസ് സിസേറിയന്‍ കഴിഞ്ഞവര്‍ക്ക് ഒരു സമയപരിധി കഴിഞ്ഞേ ചെയ്യാന്‍ സാധിക്കു. ധ Postnatal weight loss ഓണ്‍ലൈന്‍ ക്ലാസ്സെസും ഇന്നു സുലഭമാണ്. നിങ്ങളുടെ സമയത്തിനും ,കുഞ്ഞിന്റെ രീതിക്കും, വീട്ടിലെ സാഹചര്യത്തിനും ചേര്‍ന്നു പോകുന്ന കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. ‘ഞാന്‍ ഇപ്പൊ അങ്ങു മറിക്കും എന്ന അപ്രാപ്യമായ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്തു നിരാശരാകാതെ….. പ്രാക്ടിക്കല്‍ ആയ, ജീവിതാവസാനം വരെ മുന്നോട്ട് കൊണ്ടു പോകാവുന്ന ഭക്ഷണ മാറ്റങ്ങളും, ജീവിതരീതി വ്യതിയാനങ്ങളും വ്യായാമങ്ങളും ശീലിക്കുക . ചിട്ടയോടുള്ള ,നിത്യേനെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ മാറ്റങ്ങള്‍ ഉണ്ടാക്കും . ഒറ്റരാത്രി കൊണ്ടു ഒന്നും സംഭവിക്കില്ല . ചിലപ്പോ മാസങ്ങളോ,വര്‍ഷങ്ങളോ എടുത്തേക്കാം. അതിന്റെ ഇടയില്‍ ആരെങ്കിലും വീര്‍ത്തല്ലോ ,ചീര്‍ത്തല്ലോ ,പൊട്ടാറായല്ലോ എന്നൊക്കെ ഉള്ള കമന്റുമായി വന്നാല്‍ ‘പോയി നിങ്ങളുടെ പണി നോക്കു മനുഷ്യരെ എന്നു മനസ്സില്‍ അങ്ങു പറഞ്ഞേക്കുക്ക . എന്നേച്ചു വിട്ടു കൊടുക്കാതെ തുടരുക. എന്നെങ്കിലും നിങ്ങളുടെ ലക്ഷ്യത്തില്‍ നിങ്ങള്‍ എത്തി ചേരുമെന്നേ..

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like
Leave A Reply

Your email address will not be published.