Times Kerala

സിക വൈറസ് രോഗം: ഗർഭിണികൾ ശ്രദ്ധിക്കണം

 
സിക വൈറസ് രോഗം: ഗർഭിണികൾ ശ്രദ്ധിക്കണം

ആലപ്പുഴ: സിക വൈറസ് രോഗം ഗർഭിണികളിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം. ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട രീതിയിൽ രോഗം ഗുരുതരമാകാനും മരണപ്പെടാനുമുളള സാധ്യത താരതമ്യേന കുറവാണ്.

ഗർഭിണികളിൽ രോഗം ഗുരുതരമാകാനിടയുണ്ട്. ഗർഭിണികളിൽ ആദ്യത്തെ നാല് മാസത്തിൽ വൈറസ് ബാധയുണ്ടായാൽ ഗർഭസ്ഥ ശിശുവിന്റെ തലയുടെ വലിപ്പം കുറയുന്ന വൈകല്യം (മൈക്രോസെഫാലി), ഗർഭഛിദ്രം, ചാപിളള, മാസം തികയാതെയുളള ജനനം തുടങ്ങിയ സങ്കീർണ്ണതകൾക്കിടയുണ്ട്. ഗർഭിണികളിൽ നിന്നും ഗർഭസ്ഥ ശിശുവിനും രോഗം പകരുമെന്നതിനാൽ കൃത്യമായി രോഗനീരീക്ഷണം നടത്തുക.

പനി, തലവേദന, ശരീര വേദന, സന്ധിവേദന തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണുകൾ ചുവക്കുക തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. അണുബാധയുളള എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ലക്ഷണങ്ങൾക്കനുസൃതമായ രോഗപരിചരണം കൊണ്ട് രോഗം ഭേദമാക്കാം. രോഗം പരത്തുന്ന കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. ഗർഭിണികളും ഗർഭത്തിനായി തയാറെടുക്കുന്ന സ്ത്രീകളും കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കുക.പകൽ സമയത്ത് ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക. കൊതുക് കടക്കാത്ത വിധം ജനലുകളും വാതിലുകളും വലയടിക്കുക.

കൊതുക് വളരാനിടയുളള ശുദ്ധജലം കെട്ടിക്കിടക്കാനിടയുളള ഉറവിടങ്ങൾ വീടിനും പരിസരത്തുമുളളത് കണ്ടെത്തി ഒഴിവാക്കുക. വീടിനുളളിൽ വളർത്തുന്ന ചെടികൾ, വെള്ളം നിറച്ച പാത്രങ്ങളിൽ വളർത്തുന്ന ചെടികൾ എന്നിവ ഒഴിവാക്കുക. ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റുകയോ മണ്ണിൽ നട്ടുവളർത്തുകയോ ചെയ്യുക. ലൈംഗികബന്ധത്തിലൂടെ സിക രോഗം പകരുമെന്നതിനാൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്തു വന്നവർ സുരക്ഷിത ലൈംഗികബന്ധം പുലർത്തുക.

ഗർഭിണികൾ സുരക്ഷിതമായി വീട്ടിൽ കഴിയുക. ഗർഭിണിയാകാൻ സാധ്യതയുളള സ്ത്രീകളും അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. ഗർഭിണികൾ ചെറിയ പനി, ശരീരവേദന എന്നിവ അനുഭവപ്പെട്ടാൽ ചികിത്സ തേടണം.

Related Topics

Share this story