Times Kerala

സംസ്ഥാനത്ത് ശക്തമായ മഴ, അപ്രതീക്ഷിത കാറ്റ്; മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത നാശനഷ്ടം; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍; വന്‍ തോതില്‍ കൃഷി നാശവും

 
സംസ്ഥാനത്ത് ശക്തമായ മഴ, അപ്രതീക്ഷിത കാറ്റ്; മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത നാശനഷ്ടം; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍; വന്‍ തോതില്‍ കൃഷി നാശവും

തിരുവനന്തപുരം: മധ്യ കേരളത്തിലും, വടക്കന്‍ കേരളത്തിലും നാശം വിതച്ച് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. വടക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് പെയ്യുന്നത്, മധ്യകേരളത്തില്‍ കാറ്റും മഴയും നാശം വിതയ്ക്കുകയാണ്.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലയില്‍ വന്‍ നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിശക്തമായ കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വന്‍ തോതില്‍ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഒരിടത്തു നിന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

എറണാകുളം ജില്ലയുടെ പലമേഖലയിലും പുലര്‍ച്ചെ അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണുള്‍പ്പെടെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയായ മുഴുവന്നൂരിലും കാറ്റില്‍ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.

കുന്നത്തുനാട് മേഖലയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം രാമപുരം മേതിരിയിലും നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണതായി വിവരമുണ്ട്. പുലര്‍ച്ച അഞ്ചരയോടെയായിരുന്നു കനത്ത കാറ്റ് വീശിയത്. വൈദ്യുത ബന്ധവും പലയിടത്തും തകരാറിലായി.

ഇടുക്കിയിലും കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളത്ത് വീടുകള്‍ക്ക് മുകളില്‍ മരം ഒടിഞ്ഞുവീണു. അളപായമില്ല. മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന്റെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.

Related Topics

Share this story