Times Kerala

വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍

 
വൈ​ദ്യു​തി​യില്ലെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടില്‍ നാലാം ദിവസം വൈദ്യുതി ലഭിച്ചു‍

ആലപ്പുഴ: ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത്​ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പഠ​നം ദുസ്സഹമായ അലനും സ്നേഹയ്ക്കും ഇ​നി വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. വർഷങ്ങളായി വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ മ​ന്ത്രി പി. പ്രസാദിന്റെ ഇ​ട​പെ​ട​ലി​ലൂടെ വൈ​ദ്യു​തി കണ​ക്​​ഷ​ൻ ല​ഭി​ച്ചു. വീ​ട്ടി​ലെ വൈ​ദ്യു​തിയുടെ സ്വി​ച്ച് ഓ​ൺ ക​ർ​മം മന്ത്രി നേരിട്ടെത്തി നിർവഹിച്ചു.

പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം. സി. പ്രിൻസിന്റെ മകൻ അലൻ പ്രിൻസ് എന്ന മൂന്നാം ക്ലാസുകാരനാണ്‌ മന്ത്രിക്ക്‌ പരാതി നല്‍കിയത്‌. വൈദ്യുതിയില്ലാത്തതിനാല്‍ പഠിക്കാനാകുന്നില്ലെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ സ്‌കൂള്‍ ഹെഡ്മാസ്റ്റർ മുഖേനയാണ്‌ അലൻ കൃഷി മന്ത്രിക്ക് പരാതി നല്‍കിയത്‌. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പട്ടണക്കാട് സെക്ഷന്‍ ഓഫീസിലെ അസിറ്റന്‍ന്റ്‌ എന്‍ജിനീയര്‍ ടി. പ്രദീപിന് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.

‍‌വൈദ്യുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അലൻ താമസിക്കുന്ന സ്ഥലത്ത്‌ എത്തുകയും വൈദ്യുതി ലൈന്‍ വലിക്കുന്നതിന്‌ അയല്‍വാസികളുടെ അനുവാദം വേണമെന്ന്‌ കാണുകയും ചെയ്‌തു. തുടര്‍ന്ന്‌ അയല്‍വാസികളുമായി ചര്‍ച്ച നടത്തി സമ്മതം വാങ്ങിയതോടെ നടപടികള്‍ വേഗത്തിലായി. മൂന്ന് പോസ്റ്റ്‌ നാട്ടി 15 മീറ്റര്‍ ലൈന്‍ വലിച്ചാണ്‌ വൈദ്യുതി കണക്ഷന്‍ നല്‍കിയത്‌. പണി പൂർത്തിയാകാത്ത വീട്ടില്‍ സൗജന്യമായി ലൈന്‍ വലിച്ചാണ്‌ ഉദ്യോഗസ്ഥര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്‌.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജയ പ്രതാപൻ, ഒറ്റമശ്ശേരി സെന്റ് ജോസഫ് എൽ. പി. സ്കൂൾ പ്രധാനാധ്യാപിക ഒ. ബി. സോണിയ, അധ്യാപകൻ എം.എച്ച്. മാർട്ടിൻ, കെ. എസ്.ഇ.ബി. സുപ്രണ്ട് എം. എ. ഷിബു, സബ് എഞ്ചിനീയർ ജോജോ റോക്കി, ഓവർസിയർ വി. സഞ്ജയ്‌ നാഥ്‌, കെ.എസ്.സി.ബി ഉദ്യോഗസ്ഥരായ വി. ജോസഫ്, എ. ജെ. ലെയ്സൺ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story