Times Kerala

വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്ട് പരിഹാരം ലഭ്യമാക്കാന്‍ ഇടപെടും: എം എല്‍ എ ഇ ചന്ദ്രശേഖരന്‍

 
വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്ട് പരിഹാരം ലഭ്യമാക്കാന്‍ ഇടപെടും: എം എല്‍ എ ഇ ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: വന്യമൃഗങ്ങള്‍ നശിക്കുന്ന വിളകള്‍ക്ക് ആനുപാതികമായി നഷ്്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. പനത്തടി പഞ്ചായത്തിലെ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് കാട്ടാന ശല്യം രൂക്ഷമായത്. ഇതിന് തടയിടാന്‍ നിര്‍മ്മിച്ച ഫെന്‍സിംഗിന്റെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചു.

കാട്ടാന ശല്യം രൂക്ഷമായ മേഖലകളില്‍ ‘ഓപ്പറേഷന്‍ ഗജ’ പുനരാരംഭിക്കണമെന്നും വന്യമൃഗശല്യത്തിലുടെ കൃഷി നശിക്കുന്ന കര്‍ഷകന് നല്‍കുന്ന സമാശ്വാസ തുക കര്‍ഷകരുമായി ചേര്‍ന്ന് ധാരണയാക്കാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം നല്‍കാനും ജില്ല കളക്ടര്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വന്യമൃഗങ്ങളം നേരിടാനായി ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരാളെ ഷൂട്ടര്‍ആയി നിര്‍ദ്ദേശിക്കും. അവര്‍ക്കുള്ള പരിശീലനവും ലൈസന്‍സും ലഭ്യമാക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. ഈ പ്രദേശങ്ങളിലെ 54 കുടുംബങ്ങള്‍ കാടിനുള്ളില്‍ കഴിയുന്നവരാണ്. ഇവരെ കാട്ടില്‍ നാട്ടിലെത്തിച്ച് പുരധിവസിപ്പിക്കുന്നതിനുള്ള നടപടി കൂടുതല്‍ പ്രാധാന്യത്തോടെ കാണുമെന്നും കളക്ടര്‍ പറഞ്ഞു. നിലവില്‍ ആറ് കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി മാത്രമാണ് പൂര്‍ത്തീകരിച്ചത്. കര്‍ണ്ണാടക വനമേഖ ഉള്‍പ്പെടുന്ന കാട്ടാനകളെ തുരത്തുന്നതിനായും ജില്ല നേരിടുന്ന പ്രശ്നം അറിയിക്കുന്നതിനായി കര്‍ണ്ണാടകയുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

ഓരോ റെയിഞ്ച് ഓഫീസിന്റെ കീഴിലും ജനജാഗ്രതാ സമിതി രൂപീകരിക്കും

ദൊഡ്ഡമന- പാടിക്കൊച്ചി, ചെര്‍ണ്ണൂര്‍-പടിഞ്ഞാറെ തുമ്പോടി എന്നീ മേഖലകളിലായി ആകെ 4.95 കിലോമീറ്റര്‍ പുതിയ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. റാണിപുരം മുതല്‍ പാറക്കടവ് വരെയുള്ള 9.5 കിലോമീറ്റര്‍ വൈദ്യുതവേലി പ്രവര്‍ത്തനക്ഷമമാണ്. 2014-15 വര്‍ഷത്തില്‍ ചെര്‍ണ്ണൂര്‍ മുതല്‍ രംഗത്തുമല വരെ 24 കിലോമീറ്റര്‍ അതിര്‍ത്തിമേഖലയിലാണ് വൈദ്യുതവേലി നടപ്പാക്കിയത്. ഇതില്‍ നാലിടങ്ങളിലായി എട്ട് കിലോമീറ്റര്‍ ഭാഗത്തെ വൈദ്യുതവേലി പ്രവര്‍ത്തനക്ഷമമല്ല. ഇവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ വനംവകുപ്പ് പൂര്‍ത്തീകരിക്കുമെന്ന് ഡി എഫ് ഒ അജിത് കെ രാമന്‍ പറഞ്ഞു. ഇതിനാവശ്യമായ സാധനങ്ങള്‍ വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ടന്ന് ഡി എഫ് ഒ അറിയിച്ചു. ഓരോ റെയിഞ്ച് ഓഫീസിന്റെ കീഴിലും ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. അതത് പ്രദേശത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കൃഷിക്കാര്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് ജനജാഗ്രതാ സമിതി. ജനജാഗ്രതാ സമിതി നിര്‍ദ്ദേശിക്കുന്ന വാച്ചര്‍മാര്‍ക്കാണ് അഞ്ച് കിലോമീറ്റര്‍ വീതം ദൈര്‍ഘ്യത്തില്‍ ഫെന്‍സിങ്ങിലെ മെയിന്റനന്‍സ് ചുമതല. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീം സംവിധാനം ഒരുക്കണമെന്ന് ഡി എഫ് ഒ ആവശ്യപ്പെട്ടു.

കാട്ടാന ശല്യം രൂക്ഷമായ മേഖലകളിലെ കര്‍ഷകര്‍ അവരുടെ വിളകള്‍ സമ്പൂര്‍ണ്ണ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇതുവഴി വന്യമൃഗശല്യം മൂലം നശിക്കുന്ന കാര്‍ഷികവിളകള്‍ക്ക് കുറച്ചുകൂടി ഉയര്‍ന്ന നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി പറഞ്ഞു. കൃഷിഭൂമിയില്‍ തേനീച്ച കൃഷി വ്യാപകമാക്കുന്നതും ആന കടന്നുവരുന്ന വഴികളില്‍ മുള്ള് മുളകള്‍ വച്ചുപിടിപ്പിച്ചും വലിയ ട്രഞ്ചുകള്‍ ഉണ്ടാക്കി ഒരു പരിധിവരെ വന്യമൃഗങ്ങള്‍ വരുന്നത് തടയാനാകുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അഭിപ്രായപ്പെട്ടു.

പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ഡി എഫ് ഒ അജിത് കെ രാമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ വീണാറാണി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൃഷികുപ്പ് ഉദ്യോഗസ്ഥര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍,പഞ്ചായത്ത് ജീവനക്കാര്‍ ജനപ്രതിനിധികള്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Related Topics

Share this story