Times Kerala

തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ബിന്‍ 19 സ്ഥാപിച്ചു

 
തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ബിന്‍ 19 സ്ഥാപിച്ചു

കോട്ടയം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വിഎസ് ടി മൊബിലിറ്റി സൊല്യൂഷന്‍സിന്‍റെ ബിന്‍ 19 തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ഉപയോഗിച്ച മാസ്കുകള്‍ അണുവിമുക്തമാക്കാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. കോട്ടയം എംപി തോമസ് ചാഴിക്കാടന്‍ ഉപകരണം ഉദ്ഘാടനം ചെയ്തു. ഉപയോഗിച്ച മാസ്കുകള്‍ ശേഖരിക്കാനും അണുവിമുക്തമാക്കാനും ബിന്‍ 19 ലൂടെ കഴിയും.

യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ മുല്ലക്കര ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്തംഗം ജോസ് പുത്തന്‍കാല മുഖ്യപ്രഭാഷണം നടത്തി. അഗസ്റ്റിന്‍ മൈലക്കുംചാലില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു, ജോയി ചെറുപുഷ്പം, കേരള കോണ്‍ഗ്രസ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. ആന്‍റണി കളമ്പുകാടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുടെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉപയുക്തമാക്കി ബിന്‍-19 വികസിപ്പിച്ചത്.

കോവിഡിന്‍റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പകരുന്നത് പ്രതിരോധിക്കാന്‍ ഈ ഉദ്യമവുമായി സെബാസ്റ്റ്യന്‍ മുല്ലക്കര മുന്നിട്ടിറങ്ങിയത്. കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന സമീപനമാണ് ജില്ലാ പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മാലിന്യ ശേഖരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൊവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനും ബിന്‍-19 പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഉപയോഗിച്ച മാസ്കുകളെ ബിന്‍-19ന്‍റെ ചേമ്പറില്‍ നിക്ഷേപിക്കുമ്പോള്‍ തന്നെ അണുവിമുക്തമാക്കുകയും ബിന്നിനകത്തുള്ള മറ്റൊരു അറയില്‍ അണുവിമുക്തമാക്കിയ മാസ്കുകള്‍ എത്തുകയും ചെയ്യുന്നു. മാസ്ക് നിക്ഷേപിക്കുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സറിന്‍റെ സഹായത്തോടെ കൈകള്‍ അണുവിമുക്തമാക്കാനാകും. ഈ പ്രക്രിയകളെല്ലാം ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്.

Related Topics

Share this story