Times Kerala

എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

 
എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിച്ച് കോഴിക്കോടിന്റേതായ ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് തയ്യാറാക്കുമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രാദേശിക ടൂറിസം വികസന സാധ്യതകള്‍ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയും സംസ്കാരവും കൊണ്ട് വൈവിധ്യങ്ങളുടെ നിറഞ്ഞ കാഴ്ചകൾ ജില്ലയുടെ പ്രാദേശിക തലങ്ങളിലുണ്ട്. പ്രാദേശികമായ ടൂറിസം വളർച്ച അനിവാര്യമാണ്. സാധാരണക്കാർ കൂടി ഗുണഭോക്താക്കളാവുന്ന വിനോദ സഞ്ചാരവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജില്ലയുടെ ഓരോ പ്രദേശങ്ങളിലെയും പ്രത്യേകതകൾ മനസ്സിലാക്കി തദ്ദേശ സ്ഥാപനങ്ങൾ ടൂറിസം വകുപ്പിലേക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കണം.

ജില്ലയുടെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. സംസ്ക്കാരം ഭക്ഷണ രീതികൾ,പൈതൃക സമ്പത്തുകൾ,കൃഷി തുടങ്ങി ടൂറിസത്തിന് ഇടപെടൽ നടത്താനുള്ള നിരവധിയായ ഘടകങ്ങൾ ജില്ലയിലുണ്ട്.

വിനോദ സഞ്ചാരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വരുമാനമാർഗ്ഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തെ വികസനത്തിൽ ടൂറിസത്തെ മാറ്റിനിർത്താനാവില്ല. കേരളത്തിന്റെയും കോഴിക്കോടിന്റെയും വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്യാൻ പോകുന്നത് വിനോദ സഞ്ചാര മേഖലയാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് നിശ്ചലമായിപ്പോയ ടൂറിസം മേഖലയെ പുനർനിർമ്മിക്കാൻ പ്രാദേശിക ടൂറിസം വളർച്ച അനിവാര്യമാണ്. ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിൽ ഊന്നി നിൽക്കാനാകണം. കുടുംബശ്രീകൾക്ക് പങ്കാളിത്തം ഉറപ്പുവരുത്താനാകണം. അതിനാവശ്യമായ പ്രൊഫഷണൽ പരിശീലനം നൽകി അവരെ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് തല ടൂറിസം പദ്ധതികളുടെ രൂപകൽപ്പനയിൽ സർഗ്ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകൾ ഉണ്ടാവണം. പാരമ്പര്യ രീതികളെ മറികടക്കാനാകണം. എല്ലാ പഞ്ചായത്തുകളിലും ഒരു ടൂറിസം പദ്ധതിയെങ്കിലും ആരംഭിക്കപ്പെടുന്നതോടെ കോഴിക്കോടിന് ഒരു അന്താരാഷ്ട്രതലം കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം പദ്ധതിയിലൂടെ ജില്ലാതലത്തില്‍ ഡെസ്റ്റിനേഷനുകള്‍ സജീവമാവുകയും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും താത്പര്യവും വളര്‍ന്നുവരികയും ചെയ്യും. നിരവധി ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭ്യത ഉറപ്പാവും.

യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അവരവരുടെ പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകള്‍ അവതരിപ്പിച്ചു. ജൂലൈ 15 നകം എല്ലാ പഞ്ചായത്തുകളിലെയും പ്രാദേശികമായ ടൂറിസം ഡെസ്റ്റിനേഷനെ കുറിച്ചുള്ള വിവരങ്ങൾ ടൂറിസം വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Topics

Share this story