Times Kerala

മൂന്ന് കോടിയോളം പോസ്റ്റുകള്‍ നീക്കിയെന്ന് ഫേസ്ബുക്ക്: 20 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തെന്ന് ഇന്‍സ്റ്റഗ്രാം

 
മൂന്ന് കോടിയോളം പോസ്റ്റുകള്‍ നീക്കിയെന്ന് ഫേസ്ബുക്ക്: 20 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തെന്ന് ഇന്‍സ്റ്റഗ്രാം

ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് കോടിയിലധികം പോസ്റ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഫേസ്ബുക്ക്. ഇന്ത്യയിലെ പുതുക്കിയ ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പത്തോളം വിഭാഗങ്ങളില്‍ പെടുന്ന ലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. അമ്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പോസ്റ്റുകളെ സംബന്ധിച്ച്‌ ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളെ കുറിച്ചുമുള്ള പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പുതുക്കിയ ഐടി ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഓട്ടോമേറ്റഡ് ടൂള്‍സ് ഉപയോഗിച്ച്‌ നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. റിപ്പോര്‍ട്ടുകളും വിദഗ്ധസംഘത്തിന്റെ വിശകലനങ്ങളും ഒപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയുക്തമായി ഉപയോഗപ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരെയുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതെന്നും ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും സ്വതന്ത്രമായി അഭിപ്രായപ്രകടനം സാധ്യമാക്കുന്നതുമായ പ്ലാറ്റ്ഫോം ഒരുക്കുന്നതിനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

അതേസമയം, മേയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള ഒരു മാസക്കാലയളവില്‍ ഒമ്പതോളം ചട്ടലംഘനവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റഗ്രാം ഇരുപത് ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇതേ കാലയളവില്‍ നടപടിയെടുത്തിട്ടുണ്ട്. പ്രവര്‍ത്തനം വിലക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിയിന്മേലാണ് സാമൂഹിക മാധ്യമങ്ങള്‍ പുതിയ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായത്. അതേസമയം പുതിയ നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെ് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടിരുന്നു.

Related Topics

Share this story