Times Kerala

എ.എം.എം.എയുടെ ഭരണഘടനയില്‍ മാറ്റം; ഉപാധ്യക്ഷയാകാന്‍ വനിതകള്‍; കൂടുതല്‍ സ്ത്രീസൗഹൃദമാകും

 
എ.എം.എം.എയുടെ ഭരണഘടനയില്‍ മാറ്റം; ഉപാധ്യക്ഷയാകാന്‍ വനിതകള്‍; കൂടുതല്‍ സ്ത്രീസൗഹൃദമാകും

കൊച്ചി: മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഭരണഘടനയില്‍ മാറ്റം വരുന്നത്. ഇതുസംബന്ധിച്ച നിർദേശം എക്സിക്യൂട്ടീവ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗത്തിൽ സമർപിക്കും.

സംഘടനയിൽ സ്ത്രീസ്വാതന്ത്ര്യമില്ലെന്നും സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണംചെയ്യപ്പെടുന്നുണ്ടെന്നുമുള്ള ആരോപണം നിലനിൽക്കെയാണ് കാതലായ ഭരണഘടനാഭേദഗതിക്ക് അമ്മ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സെൽ രൂപീകരിക്കാൻ ധാരണയായത്.

സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിമുതല്‍ വനിതകള്‍ക്കായിരിക്കും. നിര്‍വാഹക സമിതിയിലും കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി നിജപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നാണ് അറിയുന്നത്.

നേരത്തെ ഡബ്ല്യു.സി.സി അടക്കം എ.എം.എം.എയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഭരണഘടനാ ഭേദഗതിയ്ക്കായി എ.എം.എം.എ ഒരുങ്ങുന്നത്. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനാണ് നീക്കം.

എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും എം.എം.എം.എയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

നേരത്തെ സ്ത്രീകൾ ചൂഷണം നേരിടുന്നുവെന്ന ആരോപണം ഉന്നയിച്ച് സംഘടനയിൽ നിന്ന് രാജിവച്ചവർ തൽക്കാലം പുറത്തു തന്നെയെന്നാണ് അമ്മയുടെ നിലപാട്. തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ച് കത്ത് നൽകിയാൽ പരിഗണിക്കാമെന്ന നിലപാട് ആവർത്തിക്കുകയാണ് അമ്മ.

Related Topics

Share this story