Times Kerala

കോപ്പ അമേരിക്ക; ആവേശകരമായ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വയെ തകർത്ത് പെറു സെമിയിൽ

 
കോപ്പ അമേരിക്ക; ആവേശകരമായ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാഗ്വയെ തകർത്ത് പെറു സെമിയിൽ

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പരാഗ്വയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പെറു സെമിയിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നായിരുന്നു പെറുവിന്റെ വിജയം. നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇത്തവണ അധിക സമയം അനുവദിക്കാത്തതിനാൽ മത്സരം സമനില പാലിച്ചതോടെ നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

നിശ്ചിത സമയത്ത് 11 ആം മിനുട്ടിൽ പരാഗ്വായ് താരം ഗുസ്താവോ ഗോമസ് ഗോൾ നേടി ലീഡ് നേടി. എന്നാൽ അതെ ഗോമസ് 21 ആം മിനുട്ടിൽ പെറുവിന് സെല്ഫ് ഗോളിലൂടെ സമനില നൽകി. ജിയാൻലൂക്ക ലപാഡുല, യോഷിമാർ യോട്ടാൻ എന്നിവരാണ് പെറുവിന്റെ മറ്റു ഗോളുകൾ നേടിയത്. പാരഗ്വായ്ക്കായി ജൂനിയർ അലോൺസോ, ഗബ്രിയേൽ അവലോസ് എന്നിവരും ഗോളുകൾ നേടി. ആദ്യപകുതിയുടെ അധികസമയത്ത് പരാഗ്വയുടെ ഗുസ്താവോ ഗോമസും 85 ആം മിനുട്ടിൽ പെറുവിന്റെ ആന്ദ്രേ കരിലോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇരു ടീമുകൾക്കും തിരിച്ചടിയായി. പെനാൽറ്റി ഷൂട്ടൗട്ടിൽ പെറുവിനായി ലാപദുല, യോടുൻ, ടാപ്പിയ, ട്രാവ്‌കോ എന്നിവരുടെ കിക്കുകൾ ലക്ഷ്യം കണ്ടപ്പോൾ ഓർമ്മനിയോ, കുയേവ എന്നിവർ എടുത്ത കിക്ക് പരാഗ്വായ് ഗോൾകീപ്പർ തടഞ്ഞു. പരാഗ്വായ്ക്കായി റൊമേറോ, അലോൺസോ, മോർട്ട എന്നിവർ ലക്ഷ്യം കണ്ടപ്പോൾ എസ്പിനോ, സമുദിയോ, മാർട്ടിനസ് എന്നിവർക്ക് ലക്ഷ്യം പിഴച്ചു. ബ്രസീലായിരിക്കും സെമിയിൽ പെറുവിന്റെ എതിരാളികൾ.

Related Topics

Share this story