Times Kerala

കോപ്പ അമേരിക്ക; ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ സെമിയിൽ

 
കോപ്പ അമേരിക്ക; ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ സെമിയിൽ

കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ചിലിയെ പരാജയപ്പെടുത്തി നെയ്മറും സംഘവും സെമിയിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ഗോൾരഹിതമായിരുന്ന ആദ്യപകുതിയ്ക്ക് ശേഷം 46 ആം മിനുട്ടിൽ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ലൂക്കാസ് പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോൾ. നെയ്മർ നൽകിയ പാസിൽ നിന്നുമായിരുന്നു പക്വേറ്റയുടെ ഗോൾ.

വിജയഗോൾ ആഘോഷം നിലയ്ക്കുന്നതിന് മുൻപേ 48 ആം മിനുട്ടിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. ചിലിയുടെ പ്രതിരോധതാരം മെനക്കെതിരെ ഹൈ ബൂട്ട് ചെയ്തതിനായിരുന്നു ജെസ്യൂസിന് ചുവപ്പ് കാർഡ് കണ്ടത്. ബ്രസീൽ പിന്നീട് പത്തുപേരായി ചുരുങ്ങിയായിരുന്നു മത്സരം. ചിലി കൂടുതൽ ആക്രമിച്ച് കളിച്ചുവെങ്കിലും ഗോൾ നേടുവാൻ സാധിച്ചില്ല.62 ആം മിനുട്ടിൽ ചിലി ബ്രസീലിയൻ ഗോൾവല കിലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ചിലിയ്ക്ക് ലഭിച്ച അവസരങ്ങളൊന്നും മുതലാക്കുവാൻ സാധിച്ചില്ല. കാനറിപ്പടകൾ ജയം സ്വന്തമാക്കി സെമിയിൽ പ്രവേശിച്ചു. സെമിയിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.

Related Topics

Share this story