Times Kerala

സൗദി വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ആക്രമണം; ഒരു മരണം, പരുക്കേറ്റവരിൽ മലയാളി യുവാവും

 
സൗദി വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ആക്രമണം; ഒരു മരണം, പരുക്കേറ്റവരിൽ മലയാളി യുവാവും

അബ്ഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. മലപ്പുറം പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഒരു സിറിയൻ പൌരൻ കൊല്ലപ്പെട്ടു.

ഇന്നലെ രാത്രി ഒൻപതു പത്തിനാണ് യെമൻ അതിർത്തിയിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെയുള്ള അബ്ഹ രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയത്. ഈ മാസം രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നാലു ഇന്ത്യക്കാരടക്കം 21 പേർക്കു പരുക്കേറ്റു. അബ്ഹയിൽ പത്തുവർഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പാണ്ടിക്കാട് സ്വദേശി സെയ്ദാലിക്കു ആക്രമണത്തിൽ പരുക്കേറ്റു. മകനെ നാട്ടിലേക്ക് യാത്രഅയക്കാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു സെയ്ദാലിയും കുടുംബവും.

ഇടതുനെഞ്ചിൽ പരുക്കേറ്റ സെയ്ദാലിയെ സൌദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. റണ്‍വേയിലെ വിമാനം ലക്ഷ്യമിട്ട ഡ്രോണ്‍, ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചാണ് അപകടമുണ്ടായതെന്നു സഖ്യസേനാ വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. ഇറാൻ പിന്തുണയോടെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അമേരിക്ക, യു.എ.ഇ, ബഹ്റൈൻ തുടങ്ങി വിവിധ രാജ്യങ്ങൾ അപലപിച്ചു

Related Topics

Share this story