Times Kerala

പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

 
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പോലീസ് തിരയുന്ന യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. രാഷ്‌ട്രീയ സ്വാധീനമുള്ള ഷാനിന് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം പ്രതിയാക്കി എറണാകുളം ജില്ലയിലെ പോത്താനിക്കോട് പോലീസ് സ്‌റ്റേഷനിൽ കേസെടുത്തത്. ഒളിവിൽ പോയ ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ റിമാന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്‌തതിനും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവെച്ചതിനും രണ്ടാംപ്രതിയാക്കി ഷാന്‍ മുഹമ്മദിനെതിരെ കേസെടുത്തത്.

Related Topics

Share this story