Times Kerala

ഇനി ‘കല്ലട’യല്ല; വിവാദ ബസിന് പുതിയ പേര് നല്‍കി യൂത്ത് കോണ്‍ഗ്രസ്

 
ഇനി ‘കല്ലട’യല്ല; വിവാദ ബസിന് പുതിയ പേര് നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊച്ചി:  ‘കല്ലട അല്ലിത് കൊല്ലട ആണേ..’ ഉയർന്ന് കേട്ട മുദ്രാവാക്യത്തിനൊപ്പം ബസിന്റെ പേര് മാറ്റി ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യാത്രക്കാരെ മർദിച്ച സംഭവത്തിന്റെ ചൂട് മാറും മുൻപാണ് കല്ലട ബസ് ജീവനക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നത് തുടരുന്നത്. യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവർ ശ്രമിച്ച സംഭവവും കേസായതോടെ രോഷം ആളിപ്പടരുകയാണ്. ഇതിന്റെ തുടർച്ചയായി കല്ലട ബസിനെ തടഞ്ഞു നിർത്തി ബസിന്റെ പേര് കൊല്ലടാ എന്നാക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ബസിന്റെ ഗ്ലാസില്‍ തലയോട്ടി അടങ്ങുന്ന അപായ ചിഹ്നവും പതിച്ചിട്ടുണ്ട്. നാട്ടുകാരെ കണ്ടോളൂ..കല്ലടയല്ലിത് കൊല്ലടയാണേ…ആളെ കൊല്ലും കൊല്ലട ബസേ…എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്.

സർക്കാർ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറയുമ്പോഴും കല്ലട അധികൃതർ അവരുടെ ഗുണ്ടായിസവും മുന്നോട്ടു കൊണ്ടുപോവുകയാണ്. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും ഇന്ന് തുറന്നു പറഞ്ഞു‍. യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തുക പോലും ചെയ്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരടില്‍ കല്ലട ബസിലെ യാത്രക്കാരെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് മാസമായി. എന്നിട്ടും​ കല്ലട ബസിന്റെ പെർമിറ്റ്​ റദ്ദാക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ പരിശോധിക്കും. അത് വളരെ ഗുരുതരമായ പ്രശ്നമാണ്. അന്തർ സംസ്ഥാന ബസുകൾ നാളെ സമരം തുടങ്ങുമെന്ന്​ അറിയിച്ചിട്ടില്ല. നോട്ടീസ്​ നൽകാതെയാണ്​ ബസുകളുടെ സമരം. അന്തർ സംസ്ഥാന റൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ്​ സർവീസ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബസിനുള്ളിൽ യാത്രക്കാരെ ക്രൂരമായി മർദിച്ചതോടെയാണ് കല്ലട ബസ് അധികൃതരുടെ ഗുണ്ടായിസം കേരളം ചർച്ചചെയ്തത്. ഇതിന് പിന്നാലെ ഒട്ടേറെ പേർ പരാതിയുമായി എത്തി. പരിശോധനയും പിഴയുമായി അധികൃതർ മുന്നോട്ടു പോകുമ്പോഴും പഴയ നിലപാട് തുടരുകയാണ് കല്ലട ജീവനക്കാർ. ഒടുവിൽ യാത്രക്കാരിയെ പീഡിപ്പിക്കാനും ശ്രമം നടന്നതോടെ ജനരോഷവും കനക്കുകയാണ്.

കഴിഞ്ഞ ദിവസം മറ്റൊരു കല്ലട ബസിലും യാത്രക്കാരനെതിരെ ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ചു ഹംപില്‍ ചാടിയത് മൂലം യാത്രക്കാരന്‍റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം.

Related Topics

Share this story