Times Kerala

സൗജന്യ റേഷൻ വാങ്ങിയവർ പിഴയൊടുക്കേണ്ടിവരും, ഒരു ലക്ഷത്തോളം അനർഹരെ മുൻഗണനാ പട്ടികയിൽ നിന്നും പുറത്താക്കി

 
സൗജന്യ റേഷൻ വാങ്ങിയവർ പിഴയൊടുക്കേണ്ടിവരും, ഒരു ലക്ഷത്തോളം അനർഹരെ മുൻഗണനാ പട്ടികയിൽ നിന്നും പുറത്താക്കി

കണ്ണൂർ: മുൻഗണന, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളിൽ കടന്നുകൂടി സൗജന്യ റേഷൻ വാങ്ങിയ ഒരുലക്ഷത്തോളം അനർഹരെ സിവിൽ സപ്ലൈസ് വകുപ്പ് പുറത്താക്കി. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. അർഹരായ ഒരുലക്ഷം പേരെ ഉൾപ്പെടുത്താനും നടപടി ആരംഭിച്ചു. അർഹരെ 29-നുമുമ്പ് ഉൾപ്പെടുത്താനാണ് ഡയറക്ടർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയ നിർദേശം

. മരിച്ചവരെയും അനർഹരെയും കണ്ടെത്താൻ സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനയിലാണ് 21,611 കാർഡുകളിൽ ഉൾപ്പെട്ട ഒരുലക്ഷത്തോളം പേരെ കണ്ടെത്തിയത്. മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ മൂന്നരലക്ഷം പേരിൽ നിന്ന് ഒരുലക്ഷം പേരെയാണ് മുൻഗണനാവിഭാഗത്തിലേക്ക് മാറ്റുന്നത്. ഈ മാസം അവസാനംവരെ തുടരുന്ന പരിശോധന പൂർത്തിയാകുന്നതോടെ ചുരുക്കപ്പട്ടികയിലെ ഭൂരിഭാഗം പേരെയും മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷ.

അനർഹമായി റേഷൻ വാങ്ങിയവരിൽ സർക്കാർജീവനക്കാരും ബാങ്ക് ജീവനക്കാരുമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് തിരിച്ചേൽപ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ അവസരം നൽകിയിരുന്നു. അനർഹമായി റേഷൻ വാങ്ങിയവരിൽ നിന്ന് വിപണിവില ഈടാക്കാനാണ് തീരുമാനം. അരിക്ക് കിലോയ്ക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയും ഈടാക്കും. കാർഡ് സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവരെ പിഴ, നിയമനടപടി എന്നിവയിൽ നിന്നൊഴിവാക്കും.

പാര്‍ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍ ഒഴികെയുള്ള കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍,  ക്ലാസ് 4 തസ്തികയില്‍ നിന്നു വിരമിച്ചവരോ അയ്യായിരം രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവരോ ഒഴികെയുള്ള സര്‍വ്വീസ് പെന്‍ഷണേഴ്‌സ്, ആദായ നികുതി നല്‍കുന്നവര്‍, ടാക്‌സിയല്ലാത്ത നാലു ചക്ര വാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വീടുള്ളവര്‍, 25000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്.

Related Topics

Share this story