Times Kerala

തലസ്ഥാന നഗരിയിൽ അപകടപരമ്പരയുണ്ടാക്കിയ കാറിന്റെ ഉടമ പോലീസിൽ കീഴടങ്ങി

 
തലസ്ഥാന നഗരിയിൽ അപകടപരമ്പരയുണ്ടാക്കിയ കാറിന്റെ ഉടമ പോലീസിൽ കീഴടങ്ങി

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയിലൂടെ അപകടപരമ്പരയുണ്ടാക്കി കാറോടിച്ചതെന്ന് സംശയിക്കുന്ന യുവതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശിനി ഷൈമ മോളാണ് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം അപകടമുണ്ടായപ്പോൾ കാറോടിച്ചത് അമ്മയാണെന്നായിരുന്നു യുവതി പൊലീസിന് നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണവും ചോദ്യം ചെയ്യലും ആവശ്യമുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം. യുവതിയുടെ അമ്മയെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.  ഇവരെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് കാര്‍ നഗരത്തില്‍ അപകടപരമ്പരയുണ്ടാക്കിയത്. കരമന മുതല്‍ വഴുതക്കാട് വരെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. ഇതിനിടെ കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെ പേരിലുള്ള കാറോടിച്ചത് സ്ത്രീയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരമനയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ക്കും കാര്‍ കണ്ടെത്താനായില്ല. ഇതിനുശേഷമാണ് രണ്ടരയോടെ കാര്‍ വഴുതക്കാട് പോലീസ് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിരുന്ന പത്തിലധികം ബൈക്കുകളിലിടിച്ചത്. ഇതിനുശേഷം അതുവഴി കടന്നു പോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയേറ്റ ഓട്ടോറിക്ഷ മൂന്നുതവണ കരണംമറിഞ്ഞു. ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി. നാട്ടുകാരാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

നാട്ടുകാരെടുത്ത ചിത്രമുപയോഗിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. കമ്മിഷണറേറ്റിനു മുന്നിലെ ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചു. കാറില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്ന് കന്റോണ്‍മെന്റ് എസ്. ഐ. ടി. മഹേഷ് പറഞ്ഞു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നത്. കമ്മിഷണറേറ്റിനു മുന്നില്‍ അപകടമുണ്ടാക്കിയശേഷം കാര്‍ വെള്ളയമ്പലം വഴി പേരൂര്‍ക്കട ഭാഗത്തേക്കാണ് പോയത്. എന്നാല്‍ അപ്പോഴും കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

കരമനയില്‍ വാഹനത്തില്‍ ഇടിച്ച ശേഷം മറ്റൊരു കാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് വേഗത്തില്‍ പോയതെന്നാണ് ഷൈമ മൊഴി നല്‍കിയത്. മൊഴി പൂര്‍ണ്ണമായും വിശ്വസനീയമല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. അപകട സമയത്ത് മദ്യപിച്ചിരുന്നത് കൊണ്ടാണോ പ്രതികള്‍ കാര്‍ നിര്‍ത്താതെ പോയതെന്നും സംശയമുണ്ട്.

Related Topics

Share this story