Times Kerala

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം: യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

 
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം: യുഎസ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങള്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പില്‍ നിന്ന് ആള്‍ക്കൂട്ട ആക്രമണം നേരിടുന്നുവെന്ന പരമാര്‍ശത്തിലാണ് ഇന്ത്യയുടെ പ്രതികരണം.   ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭരണഘടനാ നല്‍കുന്ന അവകാശങ്ങളില്‍ അഭിപ്രായം പറയാന്‍ ഒരു വിദേശ രാജ്യത്തിനും അവകാശമില്ലെന്നു പറഞ്ഞാണ് യുഎസ് റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യ മതേതരത്വത്തിലും രാജ്യത്തിന്റെ ഏകത്വത്തിലും അഭിമാനിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും രാജ്യത്തിനുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു.

2018ലെ യുഎസ് വാര്‍ഷിക മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍  ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പില്‍ നിന്നും ആള്‍ക്കൂട്ട ആക്രമണം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പശുവിറച്ചിയും ബീഫും കൈവശം വെച്ചെന്നാരോപിച്ച് ന്യൂനപക്ഷങ്ങള്‍ക്കേതിരേ, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരേ ആക്രമണം നടക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു.

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് രാജ്യത്തെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നത്.

Related Topics

Share this story