Times Kerala

ശബരിമല ബിൽ സഭയുടെ സ്വത്തായി മാറി; ഇനി പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല

 
ശബരിമല ബിൽ സഭയുടെ സ്വത്തായി മാറി; ഇനി പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല

ന്യൂഡൽഹി:  വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല ബിൽ സഭയുടെ സ്വത്തായി മാറിക്കഴിഞ്ഞു. ഇനി ബില്ലിന്റെ അവതാരകനായ എൻ. കെ. പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ പകരം ബിൽ കൊണ്ടു വരികയാണെങ്കിൽ ഈ ബിൽ പിൻവലിക്കാൻ പ്രേമചന്ദ്രൻ സഭയുടെ അനുമതി തേടണം. സഭയ്ക്കു മാത്രമേ അനുമതി നൽകാനുള്ള അധികാരമുള്ളൂ.

‘ദ് ശബരിമല ശ്രീധർമ ശാസ്താ ടെംപിൾ (സ്പെഷൽ പ്രൊവിഷൻസ്) ബിൽ 2019’ ഇനി എന്നു ചർച്ചയ്ക്കെടുക്കണം എന്ന് ജൂലൈ 12ന് തീരുമാനിക്കും. മറ്റു പല ബില്ലുകളും കൂടി അന്നു നറുക്കെടുപ്പിനു വരുന്നതിനാൽ ശബരിമലയ്ക്കു തന്നെ ആദ്യ അവസരം ലഭിക്കണമെന്നില്ല. കേന്ദ്ര സർക്കാർ പുതിയ ബില്ലുമായി വരുമോ എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇതുവരെ വ്യക്തമാക്കിയില്ലെങ്കിലും ലോക്സഭയിൽ ബിജെപിയുടെ മുതിർന്ന അംഗം മീനാക്ഷി ലേഖി സംസാരിച്ചപ്പോൾ പ്രേമചന്ദ്രന്റെ ബില്ലിൽ പോരായ്മകളുണ്ട് എന്ന് നടത്തിയ പരാമർശം ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെക്കുറിച്ച് സൂചന നൽകുന്നു.

അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിർവചിച്ച് ബില്ലിൽ ഉൾപ്പെടുത്തണം എന്നാണ് നിർദേശം. കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചാൽ അത് ഈ വഴിക്ക് ആയിരിക്കും.

Related Topics

Share this story