chem

അന്തിക്കാടിന് അക്ഷരവെളിച്ചമേകി സാക്ഷരതാ മിഷൻ

തൃശ്ശൂർ: തമിഴ്നാട്ടുകാരനായ വേളത്ത് മുനിയന്റെ മകൻ മണി ഇന്ന് സിംഗപ്പൂരിൽ നല്ലൊരു കമ്പനിയിൽ ജോലി ചെയ്യുന്നു. അന്തിക്കാട് സാക്ഷരതാ മിഷന്റെ തത്തുല്യ പാഠ്യപദ്ധതിയുടെ ഭാഗമായാണ് നിരക്ഷരനായിരുന്ന മണി അക്ഷരലോകത്തെ പടവുകൾ കയറിയത്. വർഷങ്ങൾക്കുശേഷം സിംഗപ്പൂരിൽ നിന്ന് തന്നെ തേടിയെത്തുന്ന മണിയുടെ ശബ്ദം അന്തിക്കാട് സാക്ഷരതാമിഷൻ പ്രേരക് ഷീലക്ക് നൽകുന്ന സംതൃപ്തി ചെറുതൊന്നുമല്ല. അന്തിക്കാട് സാക്ഷരതാമിഷന്റെ പിന്തുണയിൽ ഏഴാം തരവും പത്താംതരവും പാസ്സായ മണി ഇന്ന് സന്തുഷ്ടമായ ജീവിതം നയിക്കുന്നു.

പാലക്കാട് നിന്നെത്തി അന്തിക്കാട്ടെ ഒരു വീട്ടിൽ ജോലിക്കുനിന്നിരുന്ന അനീഷ് ഗൾഫിൽ സ്വജീവിതം കെട്ടിപ്പടുത്ത കഥയും അന്തിക്കാട്ടെ സാക്ഷരതാമിഷന്റെ വിജയഗാഥയുടെ ഭാഗമാണ്.സാക്ഷരതാ മിഷന്റെ തത്തുല്യ ക്‌ളാസുകളുടെ ഇടവേളകളിൽ പശുവിനെ കറക്കാൻ പോയിരുന്ന അനീഷിനെ അധ്യാപകർ ഇന്നും ഓർക്കുന്നു. മണിയും അനീഷും സാക്ഷരതാ മിഷൻ രജിച്ച വിജയഗാഥയിലെ പ്രതിനിധികൾ മാത്രമാണ്. ജീവിതത്തിൽ ആപേക്ഷികവിജയം കൈവരിച്ചവരുടെ
എണ്ണിയാലൊടുങ്ങാത്ത കഥകൾ പറയാനുണ്ട് അന്തിക്കാട് ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരത മിഷന്റെ പ്രവർത്തകർക്ക്. സർക്കാർ ജോലി നേടിയവരും ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചവരും വിദേശത്ത് പോയവരുമെല്ലാം ആ പട്ടികയിലുണ്ട്. സാക്ഷരതാ മിഷന്റെ ഭാഗമായ അധ്യാപകർക്കും
പഠിതാക്കൾക്കും ഇടയിലെ ഊഷ്മള ബന്ധത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ കഥകളെല്ലാം.

കോവിഡ് കാലത്തെ പഠനം

ഇന്ന് പതിനാലാം ബാച്ചിൽ എത്തിയിരിക്കുകയാണ്
2006ൽ അന്തിക്കാട് പ്രവർത്തനമാരംഭിച്ച
സാക്ഷരതാ മിഷന്റെ തത്തുല്യ കോഴ്സുകൾ.
18നും 50നും ഇടയിൽ പ്രായമുള്ള 74 പഠിതാക്കൾ പരീക്ഷയെ നേരിടാൻ തയ്യാറായിരിക്കുകയാണ് ഇപ്പോൾ. കോവിഡ് രണ്ടാം തരംഗം വന്നതോടെ പരീക്ഷകൾ മാറ്റിവെക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസ്,കണ്ടശാംകടവ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ഹയർസെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലാണ് കോവിഡിന് മുമ്പ് സാക്ഷരതാ മിഷന്റെ തത്തുല്യ പാഠ്യപദ്ധതി ക്ലാസുകൾ നടന്നിരുന്നത്. കോവിഡ് പിടിമുറുക്കിയതോടെ ക്‌ളാസുകളെല്ലാം ഓൺലൈനിലായി പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾതന്നെയാണ് തത്തുല്യ പത്താം തരത്തിലും ഹയർ സെക്കൻ്ററിയിലും ഉൾപ്പെടുത്തിയിള്ളത്.

ബ്ലോക്ക്തലത്തിലെ വിജയമന്ത്രം

കൃത്യമായ വിലയിരുത്തലുകളും മുന്നൊരുക്കങ്ങളുമാണ് സാക്ഷരതാ മിഷന്റെ അന്തിക്കാട്ടെ പ്രവർത്തന മികവിന്റെ കാതൽ.പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന പ്രേരക്മാർക്ക് നിർദ്ദേശം നൽകുക,
ജില്ല കോഡിനേറ്റർമാർക്ക് റിപ്പോർട്ടുകൾ നൽകുക, തുടങ്ങിയ മേൽനോട്ടങ്ങൾ നിർവഹിക്കുന്നത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന വികസന വിദ്യാകേന്ദ്രങ്ങളാണ്.ജൻ ശിക്ഷൺ സംസ്ഥാൻ എന്ന കേന്ദ്രപദ്ധതിയുടെ പിന്തുണയും ഈ സാക്ഷരത യജ്ഞനത്തിന് പിന്നിലുണ്ട്.പത്തു പ്രേരക്മാർ അന്തിക്കാട് ബ്ലോക്കിന് കീഴിൽ സാക്ഷരതാ മിഷന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഷീല.ടി.ആർ, ഷൈനി എസ്,അബ്ദുൾ അക്സർ,പി.ഷൈനി, ഷൈന കെ എസ്, കനകലത. എം.ആർ,സുഭാഷിണി. കെ.എ, ഷീല.കെ.ബി ഷൈജി.എ.സി, വിജയശ്രീ കെ.എ എന്നിവരാണ് അന്തിക്കാട് ബ്ലോക്ക് കീഴിലെ പ്രേരക്മാർ.

ബി എഡ് യോഗ്യതയുള്ളവരാണ് അധ്യാപകൻ എല്ലാവരും. സെറ്റ്, നെറ്റ് യോഗ്യതകൾ നേടിയവരാണ് ഹയർ സെക്കൻ്ററി അധ്യാപകർ. നാമമാത്രമായ ഫീസാണ് തത്തുല്യ കോഴ്സുകൾക്ക് വേണ്ടി സാക്ഷരത മിഷൻ ഈടാക്കുന്നത്. പത്താംതരക്കാർക്ക് 1850 രൂപയും പ്ലസ് വൺകാർക്ക് 2500 രൂപയാണ് പുസ്തകങ്ങളും പഠനോപകരണങ്ങളും ഉൾപ്പടെയുള്ള ഫീസ്.

എസ് സി, എസ് ടി വിഭാഗക്കാർക്ക് പത്താം ക്ലാസ്, പ്ലസ് വൺ പഠനത്തിന് ക്രമാനുഗതമായി 100, 300 രൂപയാണ് ഫീസ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠിതാക്കൾക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ചില ഇളവുകളും നൽകുന്നുണ്ട്. പഠിതാക്കള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തുന്നത്. അധ്യാപകര്‍ക്ക് സംസ്ഥാന സാക്ഷരതമിഷനാണ് ഓണറേറിയം നല്‍കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.