Times Kerala

ശുചിത്വ സാക്ഷരത യജ്ഞവുമായി എം.ജി. സർവകലാശാല എൻ.എസ്.എസ്.

 
ശുചിത്വ സാക്ഷരത യജ്ഞവുമായി എം.ജി. സർവകലാശാല എൻ.എസ്.എസ്.

നാഷണൽ സർവീസ് സ്‌കീമിന്റെ സുവർണ ജൂബിലിയും മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികവും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിക്കാനൊരുങ്ങി മഹാത്മാ ഗാന്ധി സർവകലാശാല എൻ.എസ്.എസ്. ശുചിത്വശീലങ്ങൾ വളർത്തുന്നതിനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കാമ്പസുകളിൽ ആറുമാസം നീളുന്ന ശുചിത്വ സാക്ഷരത യജ്ഞം നടത്തും. കാമ്പസുകളിൽ ഹരിതചട്ടം നടപ്പാക്കുകയും വോളണ്ടിയർമാർ വഴി വീടുകളിൽ ശുചിത്വ ശീലങ്ങൾ പ്രാവർത്തികമാക്കുകയുമാണ് ലക്ഷ്യം.

മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം നിരുത്സാഹപ്പെടുത്തുന്നതിനായി ആരംഭിച്ച ‘വലിച്ചെറിയൽ മുക്ത കാമ്പസ്; ഗ്രാമം, നഗരം’ പദ്ധതി വിപുലീകരിക്കും. ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ‘പ്ലാന്റ് എ വോളണ്ടിയർ, പ്ലാന്റ് എ ട്രീ’ എന്ന പദ്ധതി നടപ്പാക്കും. എൻ.എസ്.എസ്. വോളണ്ടിയറായി ചേരുന്ന ഓരോരുത്തരും ഓരോ മരം നട്ട് പരിപാലിച്ച് വളർത്തുന്ന പദ്ധതിയാണിത്. ഇതുകൂടാതെ എല്ലാ കോളേജുകളിലും 150 വൃക്ഷത്തൈകൾ നട്ട് പരിപാലിക്കും. കാമ്പസുകളിൽ ജൈവ വൈവിധ്യ പാർക്കുകൾ നിർമ്മിക്കും. എൻ.എസ്.എസിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒക്‌ടോബർ രണ്ടിന് മഹാസംഗമം സംഘടിപ്പിക്കും.

എല്ലാ കോളേജുകളിലും എൻ.എസ്.എസിന്റെ ഉപദേശകസമിതി യോഗം അധ്യയനവർഷാരംഭം തന്നെ ചേരണമെന്ന് എൻ.എസ്.എസ്. യൂണിറ്റുകളുള്ള കോളേജുകളുടെ പ്രിൻസിപ്പൽമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് രജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടൻ പറഞ്ഞു. പ്രിൻസിപ്പൽ ചെയർമാനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കൺവീനറുമായ ഉപദേശകസമിതി അധ്യയന വർഷാവസാനത്തിലും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തണം. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന എൻ.എസ്.എസ്. യൂണിറ്റുകൾ തിരിച്ചെടുക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എൻ.എസ്.എസ്. യൂണിറ്റുകൾ ഏറ്റെടുക്കുന്ന പങ്കാളിത്ത ഗ്രാമത്തിൽ ഓണം/ക്രിസ്മസ് അവധിക്കാലത്ത് സ്‌പെഷൽ ക്യാമ്പ് നിർബന്ധമായും നടത്തണമെന്നും രജിസ്ട്രാർ പറഞ്ഞു. പ്രോഗ്രാം ഓഫീസർമാർക്ക് വിദഗ്ദ്ധ പരിശീലനം നൽകുമെന്നും യൂണിറ്റുകൾക്കനുവദിച്ച ഫണ്ടിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്ത് സമർപ്പിക്കണമെന്നും 2019-2020ലെ പ്രവർത്തന രൂപരേഖ തയ്യാറായതായും അധ്യക്ഷത വഹിച്ച എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ പ്രൊഫ. എം.ജെ. മാത്യു പറഞ്ഞു.

Related Topics

Share this story