Times Kerala

ചട്ടം ലംഘിച്ചു മാംസ വില്പന: നടപടികള്‍ കര്‍ശനമാക്കി കട്ടപ്പന നഗരസഭ

 
ചട്ടം ലംഘിച്ചു മാംസ വില്പന: നടപടികള്‍ കര്‍ശനമാക്കി കട്ടപ്പന നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസവ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളില്‍ സൂക്ഷിച്ച് വില്പന നടത്തുന്നതിന് മാത്രമാണ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ ചില കോള്‍ഡ് സ്റ്റോറേജ് ലൈസന്‍സികള്‍ മാംസം തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചും, തട്ടുകളില്‍ നിരത്തിയിട്ടും വില്പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തി. പുളിയന്‍മലയിലുള്ള കോള്‍ഡ് സ്റ്റോറേജില്‍ നിന്ന് നിയമം ലംഘിച്ച് വില്പന നടത്തി വന്നിരുന്ന 30.900 കി.ഗ്രാം മാംസം പിടിച്ചെടുത്തു.

നഗരസഭയിലെ അംഗീകൃത മീറ്റ് സ്റ്റാളില്‍ നിന്ന് മാത്രം മാംസം ശേഖരിച്ച് കോള്‍ഡ് സ്റ്റോറേജുകളില്‍ വില്പന നടത്താവു എന്നുള്ള നിര്‍ദ്ദേശങ്ങളും ലംഘിക്കപ്പെടുന്നതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.

പരിശോധനയും, നടപടികളും വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി പി.ജോണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജുവാന്‍ ഡി മേരി, വിനേഷ് ജേക്കബ്ബ് എന്നിവരാണ് പരിശോധന നടത്തിയത്.

Related Topics

Share this story