Times Kerala

ബാലകോട്ട് വ്യോമാക്രമണത്തിന് വ്യോമസേന ഇട്ട പേര് ‘വാനരന്‍’

 
ബാലകോട്ട് വ്യോമാക്രമണത്തിന് വ്യോമസേന ഇട്ട പേര് ‘വാനരന്‍’

ന്യൂഡൽഹി:  പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു നല്‍കിയ രഹസ്യ കോഡ് ഓപ്പറേഷന്‍ ‘ബന്ദര്‍’ എന്നായിരുന്നു വെളിപ്പെടുത്തൽ.  ഇന്ത്യൻ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമം പുറത്തു വിട്ട റിപ്പോർട്ടിലാണ് പരാമർശം. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങന്‍ എന്ന് അര്‍ഥമുള്ള ബന്ദര്‍ എന്ന പേര് നല്‍കിയതെന്നാണ് വിശദീകരണം.

എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പേര് സുപ്രധാന ദൗത്യത്തിന് ഇട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ്‌ അത്തരമൊരു പേരിട്ടതെന്നാണ് പറയപ്പെടുന്നത്. ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാന്‍ വേണ്ടിയാണ് ഇത്തരമൊരു പേര് നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറ്റൊരു വിശദീകരണം. ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ്  ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുന്നത്.

പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലർച്ചെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ  പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷന്‍ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.

Related Topics

Share this story