Times Kerala

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 10 സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്ത് കേരള ഫീഡ്സ്

 
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 10 സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്ത് കേരള ഫീഡ്സ്

ഓച്ചിറ : നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ വെളിച്ചം പകരാന്‍ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ്. ഓച്ചിറ ഞക്കനാല്‍ എസ്വിഎം യുപി സ്കൂളിലെ 10 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പിന്തുണയേകി കേരള ഫീഡ്സ് സ്മാര്‍ട് ഫോണുകള്‍ സമ്മാനിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ ഫോണുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അദ്ധ്യാപിക അമ്പിളി ഒ വി സ്വാഗതം ആശംസിച്ചു. പിറ്റിഎ പ്രസിഡന്‍റ് ഷഫീര്‍ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി ഗിരിജാ ദേവി നന്ദി പറഞ്ഞു.

കൊവിഡ് കാലത്ത് സ്കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് ചുവടുമാറുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ വിശാലമായ അറിവിന്‍റെ ലോകത്തേക്കാണ് എത്തുന്നതെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം നല്‍കി വിദ്യാര്‍ത്ഥികളെ നല്ലപാതയിലേക്ക് നയിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വലിയ പങ്കുണ്ട്. മുന്‍പത്തെ കാലഘട്ടത്തെക്കാളും മാതാപിതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് കേരള ഫീഡ്സിന്‍റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഫോണുകള്‍ സ്പോണ്‍സര്‍ ചെയ്തത്.

Related Topics

Share this story