Times Kerala

ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന

 
ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമളയ്ക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന

കണ്ണൂര്‍:  ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി സിപിഎം സംസ്ഥാനസമിതിയംഗം പി. ജയരാജൻ. സംഭവത്തിൽ പി.കെ. ശ്യാമള പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. നാളെയും മറ്റെന്നാളും ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനപ്രതിനികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല.  ജനപ്രതിനിധികൾക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം? ഉദ്യോഗസ്ഥർക്ക് മേൽ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികൾ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂർ മുനിസിപ്പാലിറ്റിക്ക് വീഴ്ച പറ്റി. സാജന്‍റെ ഭാര്യ പരാതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം പാർട്ടി കൈക്കൊള്ളും  പി. ജയരാജന്‍.

സെക്രട്ടറി നിഷേധക നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ ഉദ്യോഗസ്ഥരുടേത് ഗുരുതര അനാസ്ഥയാണന്ന് പറഞ്ഞ ജയരാജൻ, ഇവർക്കെതിരെ നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ തിരുത്തുന്നതിനും നേര്‍വഴിക്ക് നടത്തുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞില്ല.  നഗരസഭ അധ്യക്ഷ പറഞ്ഞാല്‍പോലും കേള്‍ക്കാത്ത സെക്രട്ടറിയാണ് ആന്തൂരിലേതെന്നും പി.ജയരാജന്‍ പറഞ്ഞു.

Related Topics

Share this story