Times Kerala

നിയന്ത്രണങ്ങൾ ഫലം കാണുന്നു- കോഴിക്കോട് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് താഴേക്ക്

 
നിയന്ത്രണങ്ങൾ ഫലം കാണുന്നു- കോഴിക്കോട് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് താഴേക്ക്

കോഴിക്കോട്: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ വേർതിരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഫലം കാണുന്നു. കഴിഞ്ഞ ഒരാഴ്ചയായി താരതമ്യേന കുറഞ്ഞ ടി.പി.ആർ ആണ് രേഖപ്പെടുത്തിയത്. മൂന്നു ദിവസമായി 10 ശതമാനത്തിന് താഴെയാണ് ജില്ലയുടെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ( ജൂൺ 12) 9.26 ശതമാനമാണ് ടി.പി.ആർ. ജൂൺ ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.80, ഒൻപതിന് 10.87, പത്തിന് 9.84, പതിനൊന്നിന് 9.41 ശതമാനം എന്നിങ്ങനെയാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്

15 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍ വെരി ഹൈ കാറ്റഗറിയായും 20 ശതമാനത്തിന് മുകളിലുള്ളവ ക്രിട്ടിക്കലായും 25 ശതമാനത്തിന് മുകളിലുള്ളവ ഹൈലി ക്രിട്ടിക്കല്‍ തദ്ദേശ സ്ഥാപനങ്ങളുമായി വേര്‍തിരിച്ചിട്ടുണ്ട്. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയുള്ള നിയന്ത്രണങ്ങളാണ് തുടരുന്നത്. 14 ദിവസത്തേക്കാണ് ഇവിടങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പ്രതിവാര ടി.പി.ആറിലെ മാറ്റമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗങ്ങളില്‍ മാറ്റം വരുത്തും. ജൂൺ ആറു മുതൽ 12 വരെയുള്ള പ്രതിവാര ടി.പി.ആർ പ്രകാരം മൂന്നു തദ്ദേശ സ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ 23 ശതമാനം, പെരുവയൽ 22 ശതമാനം, കാരശ്ശേരി 22 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.

15 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ഒൻപത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്നമംഗലം 19, മുക്കം 19, മണിയൂർ 18, ഫറോക്ക് 18, പുതുപ്പാടി 16,ചാത്തമംഗലം 16, മാവൂർ 16, ചേളന്നൂർ 16, ഒളവണ്ണ 15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയിൽ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. മറ്റു തദ്ദേശ സ്ഥാപനങ്ങൾ 10 ശതമാനത്തിന് താഴെയാണ്.

Related Topics

Share this story