Times Kerala

നടപ്പാതകൾ ഇനി സുരക്ഷിതം: കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കി മോട്ടോർ വാഹന വകുപ്പ്

 
നടപ്പാതകൾ ഇനി സുരക്ഷിതം: കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കി മോട്ടോർ വാഹന വകുപ്പ്

തൃശൂർ: ജില്ലയിലെ നടപ്പാതകൾ സുരക്ഷിതമാക്കി കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കാൻ തയ്യാറെടുക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയ്ക്ക് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള വസ്തുക്കൾ നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നടപ്പാതകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, വസ്തുക്കൾ, നിർമ്മാണസാമഗ്രികൾ, ചെടികൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിടനിർമാണ സാമഗ്രികൾ എന്നിവയാണ് നീക്കം ചെയ്യുന്നത്. കേരള ഹൈക്കോടതിയുടെ വിധി പ്രകാരമാണ് നടപടി. റോഡുകളിൽ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനായി നൽകിയിരിക്കുന്ന സൗകര്യങ്ങളിൽ ഏതെങ്കിലും തരത്തിലോ രീതിയിലോ താൽക്കാലികമായോ സ്ഥിരമായോ നടത്തുന്ന കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും. സീബ്രാ വരികളിലൂടെയുള്ള റോഡ് മുറിച്ചു കടക്കലിൽ കാൽനടയാത്രക്കാർക്ക് വഴികൊടുക്കാതെ വേഗതയിൽ വാഹനമോടിച്ചു പോകുന്ന ഡ്രൈവർമാർ, ഫുട്പാത്തിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർമാർ, നടപ്പാതയിലോ സീബ്രാ ക്രോസിങ്ങുകളിലോ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഉടമകൾ എന്നിവർക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കും.

കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാൻ ഡ്രൈവർമാർ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ ആർ ടി ഒ, ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ എന്നിവർ അറിയിച്ചു.കാൽനടയാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരത്തിന് വിഘാതമാകുന്ന ബോർഡുകൾ, വസ്തുക്കൾ, അപകടകരമായി നിലനിൽക്കുന്ന കാനകൾ, മാഞ്ഞുപോയ സീബ്രാ വരകൾ, സ്റ്റോപ്പ്‌ മാർക്കുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇക്കാര്യം ജില്ലയിലെ ആർടിഒമാരുടെ വാട്സാപ്പിലോ ഇമെയിലിലോ ചിത്രങ്ങൾ, ലൊക്കേഷൻ, സമയം എന്നിവ സഹിതം അയക്കാം. ഇ മെയിൽ-kl08.mvd@kerala.gov.in, rtoe08.mvd@kerala.gov.in
ആർടിഒ വാട്സ്ആപ്പ് നമ്പർ: 8547639008

എൻഫോഴ്സ്മെന്റ് ആർടിഒ: 9188961008

Related Topics

Share this story