Times Kerala

കോവിഡ്: അതിഥി തൊഴിലാളികള്‍ക്കുള്ള ഐസൊലേഷന്‍ സെന്റര്‍ കൊഴിഞ്ഞാമ്പാറ ഗവ.പ്രീ മെട്രിക് ഹോസ്റ്റലില്‍

 
കോവിഡ്: അതിഥി തൊഴിലാളികള്‍ക്കുള്ള ഐസൊലേഷന്‍ സെന്റര്‍ കൊഴിഞ്ഞാമ്പാറ ഗവ.പ്രീ മെട്രിക് ഹോസ്റ്റലില്‍

പാലക്കാട്: കോവിഡ് 19 പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെടുന്ന അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ ഐസൊലേഷന്‍ സെന്ററായി പ്രവർത്തിക്കുന്നതിന് കൊഴിഞ്ഞാമ്പാറ ഗവ. പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.

നിലവിൽ പുതുശ്ശേരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അതിഥി തൊഴിലാളികൾക്കായുള്ള ഐസോലേഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. കൂടുതൽ സൗകര്യപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കെട്ടിടത്തിന്റെ (ഐസൊലേഷന്‍ സെന്റര്‍) മേല്‍നോട്ടം വഹിക്കുന്നതിന് പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസിനെ നിയോഗിച്ചു. ഐസൊലേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം, മറ്റു അവശ്യ സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിനും ജില്ലാ ലേബര്‍ ഓഫീസറെയും (എന്‍ഫോഴ്സ്മെന്റ്) ചുമതലപ്പെടുത്തി.

രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സ്വീകരിക്കണം. ഐസൊലേഷന്‍ സെന്ററിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാൻ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

Related Topics

Share this story