Times Kerala

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം: ചികിത്സാ തുക അനുവദിച്ച ഉത്തരവ് കൈമാറി

 
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം: ചികിത്സാ തുക അനുവദിച്ച ഉത്തരവ് കൈമാറി

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്‍.വിദ്യാലക്ഷ്മിയുടെ ചികിത്സാ ചെലവിലേക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഏഴര ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഉത്തരവും ഈ തുക പരിക്കേറ്റ വിദ്യാലക്ഷ്മിയുടെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊണ്ടുള്ള രേഖകളും ഭര്‍ത്താവ് രാജീവ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയില്‍ നിന്ന് കൈപ്പറ്റി. ജില്ലാ കലക്ടറുടെ ചേംബറില്‍ വെച്ചാണ് തുക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും നിക്ഷേപ രേഖകളുംകൈമാറിയത്.

ജില്ലയില്‍ ഏപ്രില്‍ ആറിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്കായി അഗളി ജി.വി.എച്ച്.എസ്.എസില്‍ എത്തിയ കടമ്പൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക എന്‍.വിദ്യാലക്ഷ്മി കെട്ടിടത്തിന്റെ മുകളില്‍ നിന്നും കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവര്‍ നിലവില്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാലക്ഷ്മിയുടെ ഭര്‍ത്താവില്‍ നിന്നും ജില്ലാ കലക്ടര്‍ ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
‍ എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.മധു, മണ്ണാര്‍ക്കാട് ആര്‍.ഒ ആയിരുന്ന ഡി.എഫ്.ഒ വി.പി ജയപ്രകാശ്, തിരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ് എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story