Times Kerala

മന്ത്രിയും കളക്ടറും ഇടപെട്ടു; റെയിൽവേ പുറമ്പോക്കിൽ അന്തിയുറങ്ങിയിരുന്ന ഭിന്നശേഷിക്കാരന് സംരക്ഷണം

 
മന്ത്രിയും കളക്ടറും ഇടപെട്ടു; റെയിൽവേ പുറമ്പോക്കിൽ അന്തിയുറങ്ങിയിരുന്ന ഭിന്നശേഷിക്കാരന് സംരക്ഷണം

ആലപ്പുഴ: ആരോഗ്യ പ്രശ്‌നങ്ങളാൽ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരന് ആശ്വാസമേകി ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും. ചേർത്തലയിൽ റെയിൽവേ പുറമ്പോക്കിലെ തട്ടുകടയിൽ അന്തിയുറങ്ങിയിരുന്ന ശാരീരിക അവശതയുള്ള ഭിന്നശേഷിക്കാരനെക്കുറിച്ച് അറിഞ്ഞ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് സർക്കാരിന്റെ സംരക്ഷണമൊരുക്കിയത്.

ജില്ലാ കളക്ടർ എ. അലക്‌സാണ്ടറോടും ജില്ലാ സാമൂഹികനീതി ഓഫീസറോടും ഭിന്നശേഷിക്കാരനെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജില്ലാ സാമൂഹികനീതി ഓഫീസർ എ.ഒ. അബീനിന്റെ നേതൃത്വത്തിൽ സാമൂഹിക-സന്നദ്ധസേന പ്രവർത്തകർ ചേർത്തലയിലെത്തി ഭിന്നശേഷിക്കാരനെ ഏറ്റെടുക്കുകയും കോവിഡ് പരിശോധനയ്ക്കും ആവശ്യമായ വൈദ്യ സഹായത്തിനുമായി
ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പരിശോധനക്ക് ശേഷം ഭിന്നശേഷിക്കാരനെ സംരക്ഷിക്കുന്നതിനുള്ള നടപടി സാമൂഹികനീതി വകുപ്പ് സ്വീകരിക്കും. എട്ടു വർഷം മുൻപ് ഇടുക്കിയിൽ നിന്ന് ചേർത്തലയിലെത്തി വീൽ ചെയറിൽ ലോട്ടറി കച്ചവടം നടത്തി വരുകയായിരുന്നു ഇയാൾ. സ്വന്തമായി വീടില്ലാത്തതിനാൽ റെയിൽവെ പുറമ്പോക്കിലെ തട്ടുകടയിലാണ് അന്തിയുറങ്ങിയിരുന്നത്. കാലിൽ ഉണ്ടായ മുറിവും ശാരീരിക അവശതയും മൂലം കിടപ്പിലായ ഇദ്ദേഹത്തിന് സമീപ വാസികളാണ് ഭക്ഷണം നൽകിയിരുന്നത്.

Related Topics

Share this story