Times Kerala

വെള്ളിയാഴ്ച അധിക ഇളവുകള്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

 
വെള്ളിയാഴ്ച അധിക ഇളവുകള്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

എറണാകുളം: ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജൂണ്‍ 11 ന് അധിക ഇളവുകളോടെ കൂടുതല്‍ കടകള്‍ തുറക്കാനും ജൂണ്‍ 12, 13 (ശനി, ഞായര്‍) ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന ഇളവുകളും നിയന്ത്രണങ്ങളും:

*വെള്ളിയാഴ്ച-അധിക ഇളവുകള്‍*

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. കൂടാതെ വെള്ളിയാഴ്ച ജൂണ്‍ 11 ന് സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. പുസ്തകം, സ്ത്രീകള്‍ക്കായുള്ള ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, ശ്രവണസഹായി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. മൊബൈല്‍ ഷോപ്പുകള്‍ക്കും വെള്ളിയാഴ്ച തുറന്നു പ്രവര്‍ത്തിക്കാം

വാഹനഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രമായി വെള്ളിയാഴ്ച രണ്ടുമണി വരെ തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.

*ശനി, ഞായര്‍ – അധിക നിയന്ത്രണങ്ങള്‍*

കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ നല്‍കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക.

സാമൂഹിക അകലം കര്‍ശനമായി പാലിച്ചുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിച്ചിരിക്കണം.

Related Topics

Share this story