Times Kerala

കൊവിഡ് പ്രതിരോധം;വിവിധ പദ്ധതികളുമായി ആയുര്‍വേദ ആശുപത്രി

 
കൊവിഡ് പ്രതിരോധം;വിവിധ പദ്ധതികളുമായി ആയുര്‍വേദ ആശുപത്രി

കണ്ണൂർ: കൊവിഡ് പ്രതിരോധ- ചികിത്സാ രംഗത്ത് വിവിധ പദ്ധതികളുമായി ജില്ലാ ആയുര്‍വേദ ആശുപത്രി സജീവം. 2020 ഏപ്രിലില്‍ ആരംഭിച്ച ആയുര്‍ രക്ഷാ ക്ലിനിക്ക് വഴിയാണ് കൊവിഡ് 19 പ്രതിരോധം, കൊവിഡാനന്തര ചികിത്സാ രംഗങ്ങളില്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം. ജില്ലാ പഞ്ചായത്തിന്റെ സഹായവും ആശുപത്രിയ്ക്കുണ്ട്. 10 ലക്ഷം രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ചത്.

60 വയസ്സിന് താഴെയുള്ളവര്‍ക്ക് രോഗപ്രതിരോധത്തിനുള്ള സ്വാസ്ഥ്യം, 60 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സുഖായുഷ്യം, ക്വാറന്റൈനിലുള്ളവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ എത്തിച്ച് നല്‍കുന്ന അമൃതം എന്നീ പദ്ധതികളാണ് കൊവിഡ് പ്രതിരോധം ലക്ഷ്യമിട്ട് നടപ്പിലാക്കുന്നത്. സ്വാസ്ഥ്യം വഴി 3622 പേര്‍ക്കും സുഖായുഷ്യം വഴി 1300 പേര്‍ക്കും അമൃതം 1179 പേര്‍ക്കും ജില്ലാ ആയുര്‍വേദ ആശുപത്രി വഴി മരുന്നുകള്‍ നല്‍കി. കൊവിഡാനന്തര ചികിത്സയ്ക്കായി 2020 മെയ് മുതല്‍ ആരംഭിച്ച പുനര്‍ജ്ജനി പദ്ധതിയിലൂടെ 209 പേര്‍ ചികിത്സ തേടി. ചെറിയ ലക്ഷണങ്ങളുള്ള എ കാറ്റഗറിയില്‍പ്പെട്ട കൊവിഡ് രോഗികള്‍ക്കുള്ള ഭേഷജം പദ്ധതി വഴി 208 പേര്‍ക്ക് മരുന്ന് നല്‍കി. ടെലി കണ്‍സള്‍ട്ടേഷന്‍ വഴിയാണ് ഭേഷജം നടപ്പിലാക്കുന്നത്.

മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവരെ ലക്ഷ്യമിട്ട് ആയുര്‍വേദ വകുപ്പ് നടപ്പിലാക്കുന്ന ഹര്‍ഷം, മാനസികം പ്രൊജക്ടുകളുടെ ഭാഗമായി ടെലികൗണ്‍സലിംഗ് സൗകര്യവും ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. ഇതിന് പുറമെ ആശുപത്രി മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊവിഡ് ഭീതിയിലും സമ്മര്‍ദ്ദത്തിലും കഴിയുന്നവര്‍ക്കായി വിവിധ ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ നടപ്പിലാക്കി. സാമൂഹ്യ മാധ്യമ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു പ്രചാരണം.

വിഷാദം, ആത്മഹത്യ പ്രവണത എന്നിവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ‘ജീവാമൃതം- ജീവനും മനസ്സിനും ആയുര്‍വേദത്തിന്റെ കൈത്താങ്ങ്’ പദ്ധതി, പരീക്ഷാഭീതി, ഉത്കണ്ഠ എന്നിവയകറ്റാന്‍ കുട്ടികള്‍ക്കായുള്ള സുധീരം പദ്ധതി എന്നിവ നിരവധിപ്പേര്‍ക്ക് തുണയായി. 180 പേരാണ് സുധീരം പദ്ധതിയുടെ ടെലികൗണ്‍സലിംഗ് സേവനം പ്രയോജനപ്പെടുത്തിയത്. ഇത്തരത്തില്‍ കൊവിഡ് വ്യാപിക്കുന്ന രണ്ടാംഘട്ടത്തിലും വിവിധ പദ്ധതികളിലൂടെ പൊതുജനങ്ങള്‍ക്ക് തുണയാവുകയാണ് ജില്ലാ ആയുര്‍വേദ ആശുപത്രി.

Related Topics

Share this story