Times Kerala

കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍; കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം, പിപിഇ കിറ്റ് നിര്‍ബന്ധമില്ല: സര്‍ക്കാര്‍ ഉത്തരവിറക്കി

 
കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍; കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം, പിപിഇ കിറ്റ് നിര്‍ബന്ധമില്ല: സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു വേണം വാക്സിനേഷൻ നൽകാൻ, എന്നാല്‍ പിപിഇ കിറ്റ് വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയെന്നും ഉത്തരവിൽ പറയുന്നു. ഗ്ലൗസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനൊപ്പം ഓരോ വീട്ടിലും എത്തുന്ന വാക്‌സിനേഷന്‍ സംഘത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, സഹായിയായി ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുണ്ടാകണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കിടപ്പുരോഗികളുടെ ആരോഗ്യം മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാക്‌സിന്‍ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിക്കാന്‍ ഒരാളെ നിര്‍ത്തണം. ആശ പ്രവര്‍ത്തകയോ സന്നദ്ധ പ്രവര്‍ത്തകരോ ആയ ആളെ ഇതിനായി നിയോഗിക്കാം. വാക്‌സിന്‍ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായാല്‍ വിവിരം മെഡിക്കല്‍ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടന്ന് ആംബുലന്‍സ് മുഖേനെ വൈദ്യസഹായം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Related Topics

Share this story