Times Kerala

വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

 
വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

ന്യൂഡല്‍ഹി: വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച്  കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ലോക്സഭയിൽ  അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം. നേരത്തെ നിപ വൈറസിന്റെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍ നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ ആണ്  നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

വവ്വാലുകളെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചായിരുന്നു പരിശോധന. നിപ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാൽ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂനെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.

കേരളത്തിലെ എറണാകുളം ജില്ലയില്‍ ഒരേയൊരു നിപ കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും രോഗിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 2018 ല്‍ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇവയില്‍ പത്തെണ്ണത്തിലും (19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തി.

Related Topics

Share this story