Times Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസ് 11 പ്രതികൾ അറസ്റ്റിൽ; രണ്ടു കാറുകളും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു

 
യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസ് 11 പ്രതികൾ അറസ്റ്റിൽ; രണ്ടു കാറുകളും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു

ബംഗളുരു: മൂടബിദ്രി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കാസർകോട് എത്തിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശി അടക്കം 11 പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. മൂടബിദ്രി സ്വദേശി വഖാര്‍ യൂനസിന്‍റെ കയ്യില്‍ നിന്ന് 440 ഗ്രാം സ്വര്‍ണമാണ് സംഘം കവർന്നത്. അതേസമയം, സ്വര്‍ണം തിരികെ വാങ്ങാനിറങ്ങിയ ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയിലായിട്ടുണ്ട്. ബെംഗളൂരു സ്വദേശിയായ ഹൈദര്‍ അലിക്ക് കൈമാറാന്‍, മുംബൈ സ്വദേശി റഹ്മാൻ ഷെയ്ഖ് എന്നയാള്‍ പരാതിക്കാരനായ വഖാര്‍ യൂനസിനെ സ്വര്‍ണം ഏല്‍പ്പിച്ചിരുന്നു. ഈ സ്വര്‍ണവുമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് കവര്‍ച്ച. വഖാര്‍ യൂനസിന്‍റെ സുഹൃത്ത് മുഹമ്മദ് മഹാസും കാസര്‍കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ആദിലും മറ്റൊരാളും ചേര്‍ന്ന് മൂടബദ്രിയില്‍വച്ച് സ്വര്‍ണം കവര്‍ന്നു. കവര്‍ച്ചയ്ക്കുശേഷം സംഘം വഖാര്‍ യൂനസിനെ ഉപ്പളയില്‍ ഇറക്കിവിടുകയായിരുന്നു. തട്ടിയെടുത്തതില്‍ 300 ഗ്രാം സ്വര്‍ണം പ്രതികള്‍ ജ്വല്ലറിയില്‍ വിറ്റിരുന്നു. ഇത് കണ്ടെടുത്തിട്ടുണ്ട്. ഇതിനിടെ, നഷ്ടപ്പെട്ട സ്വര്‍ണം തേടി മുംബൈ സ്വദേശി റഹ്മാന്‍ ഷെയ്ഖ് ക്വട്ടേഷന്‍ കൊടുത്തു. ഈ നീക്കം അറിഞ്ഞ പൊലീസ് മഹാസിനെ അറസ്റ്റ് ചെയ്യുകയും, മഹാസിനെയും വഖാറിനെയും തേടിയെത്തിയ ക്വട്ടേഷന്‍ സംഘത്തെ ഒളിച്ചിരുന്ന് പിടികൂടുകയുമായിരുന്നു. രണ്ട് കാറുകള്‍, വാളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ എന്നിവ ക്വട്ടേഷന്‍ സംഘത്തില്‍നിന്നും മംഗളൂരു പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Topics

Share this story