Times Kerala

ആന്തൂരിലെ പ്രവാസിയുടെ മരണം; നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

 
ആന്തൂരിലെ പ്രവാസിയുടെ മരണം; നഗരസഭ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജനോട് ആന്തൂര്‍ നഗരസഭാ അധികൃതര്‍ ശത്രുതാമനോഭാവം പുലര്‍ത്തിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്ന് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ പറഞ്ഞെന്ന് അവസാനം ഇവിടെ വിവാഹം നടത്തിയ കുടുംബം വ്യക്തമാക്കി. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ഉണ്ടായ തര്‍ക്കവും സാജനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ അവാസാനമായി വിവാഹം നടന്നത്. കള്ളിങ്കീല്‍ പദ്മനാഭന്റെ മകളുടെ വിവാഹമായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് നഗരസഭ സെക്രട്ടറി അടക്കമുള്ളവരുടെ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹം നടത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്തു തരില്ലെന്നായിരുന്നു ഭീഷണി.

ഇത്തരം ഭീഷണികള്‍ സാജനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് സുഹൃത്തും വധുവിന്റെ അച്ഛനുമായ കള്ളിങ്കീല്‍ പദ്മനാഭന്‍ പറഞ്ഞു. സാജനോട് ആന്തൂര്‍ നഗരസഭാ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന ശത്രുതാമനോഭാവത്തിന്റെ തെളിവുകളാണ് ഇതോടെ പുറത്തുവരുന്നത്. ലൈസന്‍സിന്റെ പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ ശ്രമിച്ചാല്‍ നഗരസഭയ്ക്ക് മുന്നില്‍ സമരം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Topics

Share this story